ഞാൻ അനന്യ പുസ്തക പ്രകാശനം കട്ടപ്പനയിൽ നടന്നു


സബിൻ ശശിയുടെ ആദ്യ കഥാ സമാഹാരം “ഞാൻ അനന്യ” യുടെ പ്രകാശനം നടത്തി. കട്ടപ്പന പ്രസ്സ് ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ഞായറാഴ്ച നടന്ന പുസ്തക പ്രകാശന കർമ്മം നിർവ്വഹിച്ചത് എഴുത്തുകാരി പുഷ്പ്പമ്മയാണ്. അധ്യാപകരായ ഡോ. റെജി ജോസഫും, ഷാൻ്റി ജോസഫും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. തപസ്യ ജില്ലാ അധ്യക്ഷൻ വി. കെ സുധാകരൻ ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ കവിയും, സംസ്കാരിക പ്രവർത്തകനുമായ വി.എസ് ദിപു അദ്ധ്യക്ഷത വഹിച്ചു. നാടകകൃത്ത് ഇ. ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കവി സതീഷ് പാഴൂപ്പള്ളി സ്വാഗതം പറഞ്ഞ പരിപാടിയിൽ അധ്യാപകൻ ജ്യോതിസ് എസ് പുസ്തകം പരിചയപ്പെടുത്തി. സാംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ സൂര്യലാൽ എസ്, ചലച്ചിത്ര നടന്മാരായ കുങ്ഫു സജിത്ത്, അനീഷ് ആനന്ദ്, കഥകളി-തെയ്യം കലാകാരൻ ശശീന്ദ്ര കട്ടപ്പന, കവി സി.കെ കമലാസനൻ, മാധ്യമ പ്രവർത്തകൻ രാഹുൽ സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൈപ്പട പബ്ലീഷിംഗ് ഗ്രൂപ്പ് പുറത്തിറക്കിയ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളിലും സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ. ഏതെങ്കിലും ഒരു കാലത്തോട് ചേർന്ന് നിൽക്കുകയല്ല മറിച്ച്, എല്ലാക്കാലത്തും വായിച്ചെടുക്കാൻ സാധിക്കുന്ന കഥാരൂപങ്ങൾ ഈ പുസ്തകത്തിൻ്റെ ഏറ്റവും വലിയ സവിശേഷതയാണ്.
‘അധർമ്മയുഗത്തിൽ’ തുടങ്ങി ‘യക്ഷിയും പ്രണയിനിയി’ലും അവസാനിക്കുന്ന പുസ്തകത്തിലെ പത്തു കഥകളും ശീർഷകം മുതൽ, കഥാന്ത്യം വരെ സ്വാഭാവികമായ ഒരു കഥ പറച്ചിൽ രീതി പിന്തുടർന്നുകൊണ്ട്, ഭാഷയുടെ സകല വിനുമയസാധ്യതകളെയും ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രണയം, മതം, ജാതി, വിശ്വാസം, അന്ധവിശ്വാസം, രാഷ്ട്രീയം, നീതി, പൗരബോധം തുടങ്ങി സമകാലിക വിഷയങ്ങൾ പലതും സവിശേഷമായൊരു ആഖ്യാന തന്ത്രത്തിലൂടെ വായനക്കാർക്ക് മുമ്പിലേക്ക് എത്തിച്ചിരിക്കുകയാണ് ഗ്രസ്ഥകാരൻ സബിൻ ശശി. മർച്ചൻ്റ്സ് യൂത്ത് വിംഗ് പ്രതിനിധികളായ എസ്. ശ്രീധർ, പോൾസൺ, അനിൽ പുനർജനി എന്നിവർ പുസ്തക വിതരണം നടത്തിയ പരിപാടിയിൽ വിവിധ കലാ-സാംസ്കാരിക-സാഹിത്യ-ചലച്ചിത്ര-മാധ്യമ-ലൈബ്രറി പ്രവർത്തകർ പങ്കെടുത്തു.