ഈ താടി ആർക്കാ ഇത്ര പ്രശ്നം? ; തുടരും എറൈവൽ ടീസർ പുറത്ത്


ഇൻഡസ്ട്രി ഹിറ്റായി മാറിയ എമ്പുരാന് ശേഷം മോഹൻലാലിൻറെ അടുത്ത റിലീസായ ‘തുടരും’ എന്ന ചിത്രത്തിന്റെ റിലീസ് പ്രമാണിച്ചുള്ള പ്രത്യേക ടീസർ പുറത്ത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ശോഭന ജോഡി ‘മാമ്പഴക്കാലം’ എന്ന ചിത്രമിറങ്ങി 21 വർഷങ്ങൾക്ക് ശേഷം വീണ്ടും ജോഡിയായി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. 2009 ൽ സാഗർ ഏലിയാസ് ജാക്കിയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നുവെങ്കിലും ജോഡിയായിട്ടല്ലായിരുന്നു.
37 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസർ രജപുത്ര ഫിലിംസാണ് പുറത്തു വിട്ടത്. ടീസറിൽ കണ്ണാടിയിൽ നോക്കി താടി വെട്ടുന്ന മോഹൻലാലിൻറെ ഷൺമുഗം എന്ന കഥാപാത്രത്തോട് ഭാര്യയായ ശോഭന ‘ആ താടിയിൽ തൊട്ടാൽ കൈ ഞാൻ വെട്ടും’ ആ തടി അവിടെയിരുന്നാൽ ആർക്കാ പ്രശ്നം” എന്ന് ചോദിക്കുന്നു. അതിനു കണ്ണാടിയിൽ നോക്കി “ഡേയ് ഇന്ത താടി ഇരുന്താ യാറുക്ക്ഡാ പ്രച്ചന?” എന്ന് മോഹൻലാലും പറയുന്നു.
ഏറെ കാലമായി മോഹൻലാൽ തന്റെ താടി കളയാതെ നിരവധി സിനിമകളിൽ തുടരെ തുടരെ അഭിനയിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉണ്ടായിരുന്നു. അതിനു മറുപടി എന്ന പോലെയാണ് ചിത്രത്തിലെങ്ങനെ ഒരു ഡയലോഗ് വെച്ചത് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ടീസർ ആരംഭിക്കുമ്പോൾ മമ്മൂട്ടിയുടേയും, കമൽ ഹാസന്റെയും കൂടെ മോഹൻലാലിൻറെ കഥാപാത്രം നിൽക്കുന്ന പഴയ ചിത്രങ്ങൾ വീടിന്റെ ചുവരിൽ തൂക്കിയിരിക്കുന്നതും കാണാം.
എം. രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാജി കുമാറും, എഡിറ്റിങ് നിർവഹിക്കുന്നത് ഷഫീഖ് വി.ബിയും, നിഷാദ് യൂസഫുമാണ്. ജനുവരി 30 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ഏപ്രിൽ 25 ന് തുടരും തിയറ്ററുകളിലേക്കെത്തും.