വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി ഇടുക്കി രൂപതാ കുരിശുമല തീർത്ഥാടനം


ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ നടത്തിയ മുന്നാമത് കാൽനട കുരിശുമല തീർത്ഥാടനം വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മാറി. ഹൈറേഞ്ചിലെ പ്രധാന കുരിശുമല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തിയ കാൽനട തീർത്ഥാടനത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. വ്യാഴാഴ്ച 6 മണിക്ക് വാഴത്തോപ്പിൽ നിന്നും ആരംഭിച്ച തീർത്ഥാടനം രാത്രി 11 മണിക്ക് പാണ്ടിപ്പാറയിൽ അവസാനിച്ചു. തുറന്നു രാവിലെ 3. 30ന് പാണ്ടിപ്പാറയിൽ നിന്നും ആരംഭിച്ച കാൽനട തീർത്ഥാടനം 8.30 ന് വെട്ടിക്കാമറ്റത്ത് എത്തിച്ചേർന്നു. 30 കിലോമീറ്റർ ആണ് മെത്രാൻ വിശ്വാസികളോടൊപ്പം കാൽനടയായി യാത്ര ചെയ്തത്. വെള്ളയാംകുടി, തോപ്രാംകുടി, നെടുംകണ്ടം, രാജകുമാരി, അടിമാലി എന്നീ സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച തീർത്ഥാടനങ്ങൾ രാവിലെ 8:30ന് വെട്ടിക്കാമറ്റം കവലയിൽ എത്തിച്ചേർന്നു. നൂറുകണക്കിന് വിശ്വാസികളാണ് ഓരോ സ്ഥലങ്ങളിൽ നിന്നും തീർത്ഥാടനത്തിന്റെ ഭാഗമായത്. വെട്ടിക്കമറ്റത്തുനിന്നും ആരംഭിച്ച സംയുക്ത തീർത്ഥാടനം 9 മണിക്ക് മലയടിവാരത്തിൽ എത്തിച്ചേർന്നു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന ആയിരക്കണക്കിന് വിശ്വാസികളാണ് എഴുകുംവയലിൽ തീർത്ഥാടനത്തെ വരവേറ്റത്.
9.30ന് കപ്പളയിൽ പ്രാരംഭ പ്രാർത്ഥനകൾ നടത്തിയ ശേഷം ആരംഭിച്ച കുരിശുമല കയറ്റം 11.30ന് മലമുകളിൽ എത്തിച്ചേർന്നു. കൊടും ചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കുചേർന്നത് വിശ്വാസത്തിന്റെ വലിയ സാക്ഷ്യമായി മാറി. മലമുകളിൽ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തോപ്രാംകുടി പള്ളി വികാരി ഫാ. ജോസി പുതുപ്പറമ്പിൽ നാല്പതാം വെള്ളിയുടെ സന്ദേശം നൽകി. ഏറെ ത്യാഗം സഹിച്ചുള്ള ഈ യാത്ര വിശ്വാസത്തിന്റെ നിറവാർന്ന സാക്ഷ്യമാണെന്ന് മെത്രാൻ പറഞ്ഞു. ഈശോ സഹിച്ച പീഡകളെ നമ്മുടെ ജീവിതത്തിൽ ഏറ്റുവാങ്ങുന്നതിന്റെ ഭാഗമാണ് നാം ചെയ്യുന്ന ഈ ത്യാഗങ്ങൾ. ജീവിതാനുഭവങ്ങളിൽ ഉണ്ടാകുന്ന സങ്കടങ്ങളെയും ദുരിതങ്ങളെയും ഈശോയുടെ കുരിശിനോട് ചേർത്ത് സമർപ്പിക്കാനും വിശ്വാസികൾക്ക് കഴിയണം. കുടുംബങ്ങൾക്കുവേണ്ടിയും വിവാഹ തടസ്സം നേരിടുന്നവരും ജോലി ലഭിക്കാത്തവരുമായ ചെറുപ്പക്കാർക്കുവേണ്ടിയും വിവിധ രാജ്യങ്ങളിൽ വിശ്വാസത്തിനു വേണ്ടി പീഡകൾ സഹിക്കുന്ന സഹോദരങ്ങൾക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവിത കുരിശികളെ ഈശോയുടെ കുരിശിനോട് ചേർത്തുവയ്ക്കുമ്പോൾ അവൻ നമ്മുടെ ജീവിതത്തെ ബലപ്പെടുത്തും എന്ന ബോധ്യമാണ് കുരിശിന്റെ വഴി പ്രാർത്ഥനയും മലകയറ്റവും നമുക്ക് നൽകുന്നതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് അദ്ദേഹം മുഖ്യകാർമ്മികത്വം വഹിച്ചു. ഇടുക്കി രൂപതാ വികാരി ജനറാൾമാരായ മോൺ.ജോസ് കരിവേലിക്കൽ, മോൺ. അബ്രാഹം പുറയാറ്റ്, , ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ . അമൽ മണിമലക്കുന്നേൽ എന്നിവർ വി. കുർബാനയ്ക്ക് സഹകാർമികരായി. മല കയറിയെത്തിയ മുഴുവൻ ആളുകൾക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്തു.ഉച്ചകഴിഞ്ഞും രാത്രിയിലും ആയിരക്കണക്കിന് വിശ്വാസികളാണ് കുരിശുമലയിൽ എത്തി പ്രാർത്ഥിച്ചത്. തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളാണ് എഴുകുംവയലിൽ ഒരുക്കിയിരുന്നത്.
വലിയ നോമ്പിൽ എഴുകുംവയൽ കുരിശുമല സന്ദർശിച്ച് ഒരുക്കത്തോടെ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ടു പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുന്നവർക്ക് ജൂബിലി വർഷസമ്മാനമായ പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്. നോമ്പുകാലം തീരുന്നതുവരെയും തീർത്ഥാടകർക്ക് മലകയറുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.