ജയ്ഹിന്ദ് ലൈബ്രറിക്ക് പുതിയ ഭരണസമിതി.


1940 കളിൽ രൂപീകൃതമായതും, ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയതുമായ അറക്കുളം ജയ് ഹിന്ദ് ലൈബ്രറിക്ക് പുതിയ ഭരണസമിതിയായി. നിയമ ഭേദഗതി വരുത്തിയതിലൂടെ 11 അംഗങ്ങൾക്ക് പകരം 15 അംഗങ്ങളടങ്ങുന്ന കമ്മറ്റിയാണ് ഇത്തവണ തിരഞ്ഞെടുത്തത്.സാംസ്ക്കാരിക, കായിക, കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ രംഗങ്ങളടക്കം നാടിൻ്റെ വികസനത്തിനുതകുന്ന പരിപാടികളും, പദ്ധതികളുമാണ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്നത്. ലൈബ്രറി കൗൺസിലിൻ്റേയും,ത്രിതല പഞ്ചായത്തുകളുടേയും, എം.എൽ.എ
വഴി സംസ്ഥാന സർക്കാരിൻ്റെയും ഫണ്ടുകൾ ഉപയോഗിച്ചാണ് ലൈബ്രറിക്ക് ഇരുനില കെട്ടിടവും, നൂറ് പേർക്കിരിക്കാവുന്ന ഹാളും, ഫർണിച്ചറുകളും പുസ്തകങ്ങളും മറ്റ് കാര്യങ്ങളും സജ്ജമാക്കിയിട്ടുള്ളത്. പുസ്തക, പത്രവായനക്കുംകായിക വിനോദത്തിനും, കുടുംബശ്രീ, ആരോഗ്യ, കൃഷി വകുപ്പുകളുടെ വിവിധ പരിപാടികൾക്കും, കർഷക, സാമൂഹ്യ സംഘടനകളുടെ വിവിധ പരിപാടികൾക്കും, സർക്കാരുകളുടെ വിവിധ ട്രെയിനിങ്ങുകൾക്കും, മെഡിക്കൽ ക്യാമ്പുകൾക്കും അടക്കം ജനങ്ങൾക്ക് ഗുണകരമായ എല്ലാ പരിപാടികൾക്കും ഹാൾ സൗജന്യമായാണ് നൽകുന്നത്.
പതിനായിരത്തിനടുത്ത് പുസ്തകങ്ങളും, പത്തോളം ദിനപത്രങ്ങളും, വാരികകളും, മാസികകളും ലൈബ്രറിയിൽ ലഭ്യമാണ്.വനിതകൾക്കായുള്ള വനിതാ വേദിയും, കുട്ടികൾക്കായുള്ള ബാലവേദിയും, കായിക പരിപാടികൾക്കായി സ്പോർട്സ് ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. രോഗീപരിചരണത്തിനാവശ്യമായ ഉപകരണങ്ങൾ സൗജന്യമായി നൽകുന്ന പാലിയേറ്റീവ് വിഭാഗവും പുതിയതായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ലൈബ്രറി കൗൺസിൽ നിയോഗിച്ചിട്ടുള്ള ലൈബ്രേറിയനാണ് ദൈന്യം ദിന പരിപാടികൾ നടത്തുന്നത്. ലൈബ്രേറിയനുള്ള ഓണറേറിയവും, പുസ്തകങ്ങൾ വാങ്ങാനുള്ള പണവും ലൈബ്രറി കൗൺസിലിൽ നിന്നാണ് നൽകുന്നത്.
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി ചുമതല ഏറ്റ ദിവസം തന്നെ പഞ്ചായത്തിലെ ഏറ്റവും നല്ല ലൈബ്രറിയായി ജയ്ഹിന്ദ് ലൈബ്രറിയെ പ്രഖ്യാപിച്ചത് ശ്രദ്ധേയമായി.
പതിനഞ്ച് വർഷമായി പ്രസിഡൻറായി തുടരുന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ഏ.വേലുക്കുട്ടൻ പ്രസിഡൻറും, കെ.ടി.മോഹനൻ സെക്രട്ടറിയുമായാണ് പുതിയ ഭരണസമിതി ചുമതല ഏറ്റത്.
കമ്മറ്റിയംഗങ്ങൾ.
രാജൻ താഴത്തു മനക്കൽ, ബിജു പാലക്കാട്ട് കുന്നേൽ, ബിറ്റാജ് പ്രഭാകർ, എൻ.ബി വിജയൻ, എസ്.എൻ.സുഭാഷ്, എസ്.ശ്രീവൽസലൻ, ബിജു വിജയൻ, ലിസ്സി ജോസ്, അമിത രാജ്,അനിത സജി, ബിനുവി ജയൻ, മിലൻ ബോബി, ശ്രീജേഷ് മണ്ഡപത്തിൽ.
ശ്രീ ചിത്തിരവിലാസം സ്കൂൾ പ്രഥമ അദ്ധ്യാപിക നിർമ്മല ടീച്ചർ വരണാധികാരിയായി നടത്തിയ തിരഞ്ഞെടുപ്പിനും, ഭരണ സമിതിയുടെ
ചുമതല ഏറ്റെടുക്കലിനുംതാലൂക്ക് ലൈബ്രറി കൗൺസിൽ
അംഗങ്ങളായ ജി.മോഹനൻ, ഏഎൻ.മോഹനൻ എന്നിവർ നേതൃത്വം നൽകി.
രോഗീപരിചരണത്തിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്യാനും, ആവിശ്യക്കാർക്ക് വീടുകളിൽ പുസ്തകങ്ങൾ എത്തിക്കുവാനും, രക്തദാനസേന രൂപീകരിക്കുവാനും, അവധിക്കാലത്ത് കുട്ടികൾക്കായി കലാ, കായിക, പരിശീലന
പരിപാടികൾ നടത്താനും, കർഷക ക്ഷേമത്തിനായി സൗജന്യ നിരക്കിൽ കാർഷിക ഉപകരണങ്ങൾ ലഭിക്കുന്ന പദ്ധതി പുതിയ കമ്മറ്റി തീരുമാനമെടുത്തു.