സംസ്ഥാനത്ത് ആശുപത്രികളിൽ ഡോക്ടർ ക്ഷാമം രൂക്ഷം; ഡോക്ടർ-രോഗി അനുപാതത്തിലും വർധന


കോഴിക്കോട്: സംസ്ഥാനത്ത് ആശുപത്രികളിൽ ഡോക്ടർമാരുടെ ക്ഷാമം. കാസർകോട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഡോക്ടർമാരുടെ കുറവ് ഉള്ളത്. മലപ്പുറത്തും, കോഴിക്കോടും ഏഴായിരം രോഗികൾക്ക് ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ എണ്ണത്തിലും കുറവുണ്ട് എന്നാണ് 2021ലെ കണക്ക് പ്രകാരം സിഎജി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 5400 ഓളം ഡോക്ടർമാരുടെ കുറവാണ് മെഡിക്കൽ കൊളേജ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ഉള്ളത്.
ഓരോ ജില്ലകൾ തിരിച്ചുള്ള ഡോക്ടർ- രോഗി അനുപാതത്തിലും കുറവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കുറവ് ഡോക്ടർ രോഗി അനുപാതം വരുന്നത് പത്തനംതിട്ടയിലാണ്. അതായത് ഒരു ഡോക്ടർക്ക് ഏകദേശം മൂവായിരം രോഗികളാണ് ഉള്ളത്. എന്നാൽ കോഴിക്കോട്ടേക്ക് എത്തുമ്പോൾ ഇത്തരത്തിൽ ഡോക്ടർക്ക് രോഗികളുടെ എണ്ണം ഇരട്ടിയാണ്. ഒരു ഡോക്ടർക്ക് 7400 രോഗികൾ എന്നുള്ളതാണ് കണക്ക്. മലപ്പുറത്തും, കണ്ണൂരും ഒക്കെ സമാനമായ രീതിയിൽ തന്നായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലെ ചില കണക്കുകൾ പരിശോധിച്ചാൽ ആയിരം രോഗികൾക്ക് ഒരു ഡോക്ടർ എന്നതാണ്. പക്ഷേ കേരളത്തിലേക്ക് എത്തുമ്പോൾ അതിന് വിഭിന്നമായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ താളം തെറ്റിക്കുകയും രോഗികൾക്ക് കൃത്യമായ സേവനം ലഭിക്കാതെ വരികയും ചെയ്യുന്നതിന് കാരണമായി തീരുന്നു.
അതേസമയം ആശാപ്രവർത്തകരുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്. കോഴിക്കോട് 33ശതമാനം ഒഴിവുകൾ ആണ് ആശാ പ്രവർത്തകരുടെ ഭാഗത്ത് ഒഴിഞ്ഞ് കിടക്കുന്നുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.