കട്ടപ്പന നഗരസഭാ കൗൺസിൽ ഫണ്ട് വകയിരുത്തലിനെച്ചൊല്ലി കോൺഗ്രസുകാർ തമ്മിൽ വാക്‌പോര്
കട്ടപ്പന : പദ്ധതികൾക്കായുള്ള ഫണ്ട് വകയിരുത്തലിനെച്ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാക്‌പോര്. സ്പിൽ ഓവർ പദ്ധതികൾ ഭേദഗതി ചെയ്യൽ, നിർവഹണ സാധ്യതയില്ലാത്ത പദ്ധതികൾ ഉപേക്ഷിച്ച് പുതിയവ നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര യോഗമാണ് അലസിപ്പിരിഞ്ഞത്.
വാർഷിക പദ്ധതിയിൽ ധനകാര്യ കമ്മിഷന്റെ ഫണ്ടായ 3.8 കോടി രൂപയിൽ 3.04 കോടിയ്ക്ക് പുതിയ പദ്ധതികൾ ഏറ്റെടുക്കാനും 76 ലക്ഷം രൂപ സ്പിൽ ഓവർ പദ്ധതികൾക്കായും വകയിരുത്തിയിരുന്നു. എന്നാൽ, അനുവദിച്ച മുഴുവൻ തുകയും ഉപയോഗിച്ച് പുതിയ പദ്ധതികൾ ഏറ്റെടുക്കണമെന്ന നിർദേശം വന്നതോടെ 76 ലക്ഷം രൂപ കുടിവെള്ള പദ്ധതികൾ ഉൾപ്പെടെയുള്ളവയിലേക്ക് വകയിരുത്തി.
എന്നാൽ ഭേദഗതി വരുത്തിയ പദ്ധതികൾക്കോ പുതിയ പദ്ധതികൾക്കോ എത്ര രൂപ വീതം വകയിരുത്തിയിട്ടുണ്ടെന്ന് അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കൗൺസിലർമാർ അറിയാതെ പദ്ധതികൾക്ക് തുക വകയിരുത്തിയതാണ് തർക്കത്തിൽ കലാശിച്ചത്. പദ്ധതികൾ നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ നഗരസഭാധ്യക്ഷ രാജിവയ്ക്കണമെന്ന് എ ഗ്രൂപ്പ് അംഗങ്ങളും പറഞ്ഞു. എന്നാൽ, രാജിവയ്ക്കുമെന്നുള്ളത് ചിലരുടെ മോഹം മാത്രമാണെന്ന് നഗരസഭാധ്യക്ഷ ബീന ജോബിയും തിരിച്ചടിച്ചു. ഒടുവിൽ സ്റ്റാൻഡിങ് കമ്മിറ്റികളിൽ ചർച്ച ചെയ്ത് വീണ്ടും കൗൺസിൽ ചേരുമെന്ന് അറിയിച്ച് യോഗം പിരിഞ്ഞു.