കേരള മോഡലിൽ മാറാൻ മുംബൈ; രണ്ട് മാസത്തിൽ ഡിപിആർ തയ്യാറാകും; മഹാനഗരത്തിലേക്ക് വാട്ടർ മെട്രോ ഉടനെത്തും


കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വാട്ടർ മെട്രോ പദ്ധതി മുംബൈയിലേക്ക്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കൊച്ചി വാട്ടർ മെട്രോ അതോറിറ്റിയെ ചുമതലപ്പെടുത്തിയെന്ന് മഹാരാഷ്ട്രയിലെ തുറമുഖ ഫിഷറീസ് വകുപ്പ് മന്ത്രി നിതേഷ് റാണ പ്രഖ്യാപിച്ചു. 2026 തുടക്കത്തോടെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ വാട്ടർ മെട്രോ യാഥാർത്ഥ്യമാക്കാനാണ് ശ്രമം.
രണ്ട് മാസത്തിനുള്ളിൽ ഡിപിആർ തയ്യാറാകുമെന്നും പിന്നാലെ പദ്ധതി അതിവേഗം പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ 720 കിലോമീറ്റർ നീളമുള്ള തീര മേഖല ഇപ്പോഴും വികസനം കാത്ത് കിടക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി എത്തുന്നത്.
വാട്ടർ മെട്രോയുടെ ഭാഗമായി തീരദേശ മേഖലയിൽ പുതിയ റോഡുകളും കടലാക്രമണം പ്രതിരോധിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. മുംബൈയിലെ നവി മുംബൈ, അലിബാഗ് തുടങ്ങിയ സ്ഥലങ്ങളെ പ്രധാന കരഭാഗവുമായി ബന്ധിപ്പിക്കുന്ന നിലവിലെ ജലഗതാഗത പദ്ധതി വാട്ടർമെട്രോ യാതാർത്ഥ്യമാകുന്നതോടെ അന്തർദേശീയ ശ്രദ്ധ നേടുമെന്നാണ് മഹാരാഷ്ട്ര മന്ത്രിയുടെ പ്രതീക്ഷ.