നവകേരള സദസ് : ദേവികുളം നിയമസഭ മണ്ഡലതല സംഘാടക സമിതി രൂപികരിച്ചു

നവകേരള സദസിന്റെ ദേവികുളം മണ്ഡലതല സംഘാടക സമിതി യോഗം എ.രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷകളും പരാതികളും നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുകയാണ്. കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും നീതി ആയോഗിന്റെ മാനദണ്ഡങ്ങൾ പ്രകാരം വിവിധ മേഖലകളിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും താഴെത്തട്ടിലുള്ളവരെയും മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത് .
മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കും. ജില്ലയിൽ ഡിസംബർ 10, 11, 12 തീയതികളിലാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഡിസംബർ 10 ന് തൊടുപുഴ, 11 ന് ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, 12 ന് പീരുമേട് മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും.
നവകേരള സദസ് ദേവികുളം മണ്ഡല സംഘാടക സമിതിയുടെ രക്ഷാധികാരികളായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെയും ജില്ലാ കളക്ടർ ഷീബ ജോർജിനെയും നിശ്ചയിച്ചു. എ. രാജ എം.എൽ.എ ചെയർമാനായും വൈസ് ചെയർമാനായി പളനിവേൽ, ചെയർപേഴ്സണായി ജയ മധു, ഭവ്യ കണ്ണൻ, കൺവീനറായി കെ.വി ശശി എന്നിവരെ ഉൾപ്പെടുത്തി ജനറൽ കമ്മിറ്റിയും രൂപീകരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ചെയർമാൻമാരായും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കൺവീനർമാരായും ഉപസമിതികളും രൂപികരിച്ചു. വരും ദിവസങ്ങളിൽ പഞ്ചായത്ത് തലത്തിൽ വാർഡ് മെമ്പർമാരെ ഉൾപ്പെടുത്തി പ്രസിഡന്റുമാരുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗങ്ങൾ ചേരും.
അടിമാലി ടൗൺഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ഭവ്യ കണ്ണൻ അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ് പദ്ധതി വിശദീകരിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ.വി ശശി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മഞ്ചു ബിജു, പ്രതീഷ് കുമാർ, ബിജു കൃഷ്ണൻകുട്ടി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പളനിവൽ, ചാണ്ടി പി അലക്സാണ്ടർ, ജില്ലാതല വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.