ഇന്ന് നഗരസഭക്ക് മുന്നിൽ രണ്ട് സമരങ്ങൾ


നഗരസഭാപരിധിയിലെ വിനോദസഞ്ചാര കേന്ദ്രമായ കല്യാണത്തില്‍ കൂടിയാലോചനയില്ലാതെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് എം 25ന് രാവിലെ 10 മുതല്‍ കട്ടപ്പന മണ്ഡലം കമ്മിറ്റി ഭാരവാഹികളും നഗരസഭ കൗണ്‍സിലര്‍ പി എം നിഷാമോളും നഗരസഭ ഓഫീസ് പടിക്കല്‍ ഉപവാസ സമരം നടത്തും.
31, 32 വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായ കല്യാണത്തണ്ടില്‍ റവന്യു വകുപ്പ് വിട്ടുനല്‍കിയ 60 സെന്റ് സ്ഥാപിക്കാനാണ് നഗരസഭ ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുത്തത്.
ഇക്കാര്യം വാര്‍ഡ് കൗണ്‍സിലര്‍മാരെ അറിയിച്ചിരുന്നില്ല. പ്ലാന്റ് സ്ഥാപിച്ചാല്‍ കല്യാണത്തണ്ടിലെ ടൂറിസത്തിന് തിരിച്ചടിയാകും. നിരവധി സഞ്ചാരികളാണ് ഇവിടെ ദിവസവും എത്തുന്നത്. കൂടാതെ, മേഖലയിലെ ശുദ്ധജല സ്രോതസുകള്‍ ഉള്‍പ്പെടെ മലിനമാക്കപ്പെടും. പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം നഗരസഭ ഉപേക്ഷിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന 32,33 വാർഡുകളിൽ കുടിവെള്ളം കിട്ടാക്കനി.
വാർഡ് കൗൺസിലർമാരുടെ മുഖം തിരിക്കൽ സമീപനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ നഗരസഭാ പടിക്കൽ നിരാഹാര സമരം നടത്തും.
വിഷയത്തിൽ ശാശ്വതമായ പരിഹാരം ഇല്ലെങ്കിൽ വരാനിരിക്കുന്ന മുൻസിപ്പൽ ഇലക്ഷൻ ബഹിഷ്കരിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.
കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന 32,33 വാര്‍ഡുകളിലെ താമസക്കാരാണ് 25ന് രാവിലെ 10.30 മുതല്‍ സമരത്തിലേക്ക് കടക്കുന്നത്.
രണ്ടുവാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായ കല്യാണത്തണ്ടിലെ താമസക്കാരാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. ഇവരില്‍ ഭൂരിഭാഗവും കൂലിപ്പണിക്കാരും നിര്‍ധനരുമാണ്. ഇരുവാര്‍ഡുകളിലെയും കൗണ്‍സിലര്‍മാര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിട്ടും ഫലമില്ല. വേനല്‍ക്കാലത്ത് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള വെള്ളം പോലും ലഭിക്കുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിക്കുകയും ഗുണഭോക്താക്കള്‍ ഒപ്പിട്ട് നഗരസഭ ചെയര്‍പേഴ്‌സന് നിവേദനം നല്‍കുകയും ചെയ്തിട്ടും തുടര്‍നടപടി ഉണ്ടായില്ല. കൂടാതെ ജലവിഭവകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു. കുഴല്‍ക്കിണര്‍ കുത്തിയാലും വെള്ളം കിട്ടാത്ത സ്ഥിതിയുള്ളതിനാല്‍ കിണര്‍ നിര്‍മിക്കാന്‍ നാട്ടുകാര്‍ പണം മുടക്കി സ്ഥലം വാങ്ങി നല്‍കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് രണ്ട് കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിച്ച് ആലോചന യോഗം വിളിച്ചപ്പോള്‍ മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കുടിവെള്ള പദ്ധതിക്കായി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും കോട്ടിരിക്കുന്ന് ഭാഗത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുളത്തില്‍നിന്ന് വെള്ളം ലഭ്യമാക്കാമെന്നും അസിസ്റ്റന്റ് എന്‍ജിനിയര്‍ എസ്റ്റിമേറ്റ് തയാറാക്കി പ്രശ്‌നം പരിഹരിക്കാമെന്നും ഇരുവരും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ തുടര്‍നടപടി ഉണ്ടാകാത്തതിനാല്‍ നഗരസഭ ഓഫീസിലെത്തി വിവരം തിരക്കിയപ്പോള്‍ 5 ലക്ഷം രൂപ മറ്റൊരു പദ്ധതിക്കായി മാറ്റിയതായി അറിഞ്ഞു. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രശ്‌നം പരിഹരിക്കാമെന്നുള്ള ഉറപ്പും പാഴായി.തുടർന്ന് കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ വെള്ളം എത്തിച്ചുനല്‍കാനാണ് തീരുമാനമെടുത്തത്. എന്നാൽ നാലും അഞ്ചും അംഗങ്ങളുള്ള ഒരുകുടുംബത്തിന് നാലുദിവസത്തിലൊരിക്കല്‍ 200 ലിറ്റര്‍ വെള്ളം മാത്രമാണ് ലഭിക്കുന്നത്.
മേഖലയിലെ താമസക്കാരില്‍ കിടപ്പുരോഗികളും വയോജനങ്ങളുമുണ്ട്. പലരും വില കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ്. നിര്‍ധന കുടുംബങ്ങള്‍ തലച്ചുമടായി കിലോമീറ്ററുകളോളം യാത്ര ചെയ്ത് കൊണ്ടുവരുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസം പുളിക്കമാക്കൽ അംബിക ഇത്തരത്തിൽ വെള്ളം കൊണ്ടുവരുന്നതിനിടെ വീണ് പരിക്കേൽക്കുകയും ചെയ്തു.
ശുദ്ധജല ക്ഷാമത്തിന് അടിയന്തര പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ നേതൃത്വത്തിൽ രൂപം കൊണ്ട സമര സമിതിയുടെ ആവശ്യം.
ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ വരാനിരിക്കുന്ന മുൻസിപ്പൽ ഇലക്ഷൻ ബഹിഷ്കരിക്കും എന്നും സമരസമിതി അംഗങ്ങൾ അറിയിച്ചു.