ഭാര്യ അശ്ലീല വിഡിയോ കാണുന്നത് ഭര്‍ത്താവിനെതിരായ ക്രൂരതയല്ല: മദ്രാസ് ഹൈക്കോടതി


ഭാര്യ രഹസ്യമായി അശ്ലീല വിഡിയോകള്‍ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും ഭര്‍ത്താവിനെതിരായ ക്രൂരതയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഇത് വിവാഹമോചനത്തിന് കാരണമല്ലെന്നും മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍, ജസ്റ്റിസ് ആര്‍ പൂര്‍ണിമ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. സ്ത്രീയ്ക്ക് വിവാഹശേഷവും വ്യക്തിത്വവും സ്വകാര്യതയുമുണ്ടെന്നും ഭാര്യയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമത്തിന്റെ ഭാഷയില്‍ ക്രൂരതയായി കാണാനോ അതിനാല്‍ വിവാഹബന്ധം അവസാനിപ്പിക്കാനുള്ള കാരണമാക്കാനോ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
നിരന്തരം പോണ്‍ വിഡിയോകള്‍ കാണുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് നല്‍കിയ പരാതി പരിഗണിക്കവേയായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. വിവാഹമോചനം നിരസിച്ച കീഴ്‌ക്കോടതിയ്‌ക്കെതിരെയാണ് യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം വിഡിയോകള്‍ക്ക് തന്റെ ഭാര്യ അടിമയാണെന്നും ഇവര്‍ രോഗിയാണെന്നും യുവാവ് കുടുംബ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെ എങ്ങനെയാണ് ഭാര്യ രോഗിയാണെന്ന് പറയാന്‍ സാധിക്കുന്നതെന്ന് കോടതി ചോദിച്ചു.
അശ്ലീല വിഡിയോകള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത് അത് കാണുന്ന വ്യക്തിയില്‍ ചില മാനസിക പ്രശ്‌നങ്ങളുണ്ടാക്കാമെങ്കിലും അത് പങ്കാളിയോടുള്ള ക്രൂരതയായി കോടതിയ്ക്ക് കണക്കാക്കാനാകില്ലെന്ന് ബെഞ്ച് പറഞ്ഞു. വിവാഹേതര ലൈംഗിക ബന്ധത്തേയും വിവാഹത്തിന് ശേഷമുള്ള സ്വയംഭോഗത്തേയും ഒന്നായി കണക്കാക്കാനാകില്ലെന്നും സ്വയംഭോഗം ചെയ്യുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കി. വിവാഹത്തിന് ശേഷം ഒരു സ്ത്രീ ഭാര്യയാകുമെങ്കിലും അവരുടെ സ്വന്തം വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.