‘മലയാളത്തിന്റെ എമ്പുരാൻ’ ആദ്യ മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’


എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രമായി ‘എമ്പുരാൻ’. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു ചരിത്ര റെക്കോർഡ് ആണ്. ദി മിന്റ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
ഒരു മണിക്കൂറിൽ എമ്പുരാന്റേതായി 93,500 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ സെയിൽ റെക്കോഡിനെ പ്രശംസിച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ് രംഗത്തെത്തി. ഇതാണ് മലയാളം സിനിമ എന്നാണ് സിനിമയുടെ പ്രീ സെയിൽ റെക്കോഡ് പോസ്റ്റർ പങ്കുവച്ച് ബേസിൽ കുറിച്ചത്.
ഇതിന് മുന്നേ ആദ്യ ദിന അഡ്വാൻസ് ബുക്കിങ്ങിൽ മുന്നിട്ടു നിന്നിരുന്നത് വിജയ് ചിത്രം ലിയോ ആയിരുന്നു. 80000ത്തോളം ടിക്കറ്റുകളാണ് പുഷപ വിറ്റത്. 85000 ടിക്കറ്റുകളാണ് ഷാരൂഖ് ഖാന്റെ ജവാൻ വിറ്റിരുന്നത്. വിജയ്‌യുടെ ലിയോ, അല്ലു അർജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോർഡ് ആണ് ‘എമ്പുരാൻ’ നിസ്സാര നിമിഷങ്ങൾകൊണ്ട് തകർത്തു കളഞ്ഞത്.
മാർച്ച് 21 രാവിലെ ഒൻപത് മണിക്കാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി.
ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു.മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അതേസമയം എമ്പുരാന്റെ വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.