ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസ്: നാലു പ്രതികൾ ഒളിവിൽ

കൊല്ലം ആയൂരിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിൽ നാലു പ്രതികൾ ഒളിവിൽ. രണ്ടു പ്രതികളുടെ ഓട്ടോറിക്ഷകൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ചടയമംഗലം പൊലീസ് അറിയിച്ചു.ഇടുക്കി സ്വദേശി ആൻസൻ , ആയൂര്‍ സ്വദേശികളായ ഫൈസൽ, മോനിഷ്, നൗഫൽ എന്നിവരാണ് കേസിലെ പ്രതികൾ . ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി . അൻസറാണ് പെൺകുട്ടിയോട് അപമര്യാദയായി സംസാരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇടുക്കി സ്വദേശിയായ ആൻസൻ കുറച്ചു കാലമായി ആയൂരിലാണ് താമസിക്കുന്നത്.നാല് പ്രതികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ്. കേസിലെ പ്രതികളുമായി മുൻ പരിചയമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ വ്യാഴം രാത്രിയാണ് ആയൂർ പെരിങ്ങള്ളൂർ സ്വദേശിയായ അജയകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങി വന്ന മകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് നാലംഗ മദ്യപസംഘം അജയകുമാറിനെ മർദിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. ചടയമംഗലം പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.







































































































































