എസ്എൻഡിപി യോഗം കൽത്തൊട്ടി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ മകയിരം മഹോത്സവത്തിനു ഭക്തിനിർഭരമായ താലപ്പൊലി ഘോഷയാത്രയോടെ സമാപനം


മൂന്നുദിവസങ്ങളിലായി നടന്ന മഹോത്സവത്തിന്റെ സമാപന ദിനമായ വെള്ളിയാഴ്ച വൈകിട്ട് നരിയമ്പാറ ശബരിഗിരി ഉപക്ഷേത്രാങ്കണത്തിൽ നിന്നാണ് താലപ്പൊലി ഘോഷയാത്ര ആരംഭിച്ചത്. കസവ് സാരിയണിഞ്ഞ് താലപ്പൊലിയേന്തിയ സ്ത്രീകളടക്കമുള്ളവരും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. നരിയമ്പാറയിൽ നിന്നാരംഭിച്ച ഘോഷയാത്ര സ്വർണവിലാസം വഴി വെങ്ങാലൂർക്കടയിലെ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. ശാഖാ പ്രസിഡന്റ് എൻ.ആർ.ലാൽ, സെക്രട്ടറി കെ.എൻ.ഉത്തരാനന്ദൻ, വൈസ് പ്രസിഡന്റ് പ്രദീപ് എസ്.മാണി, യൂണിയൻ കമ്മിറ്റിയംഗം രതീഷ് വിജയൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി മനു മോഹനൻ, വനിതാ സംഘം പ്രസിഡന്റ് സതിയമ്മ ഷാജി, വനിതാ സംഘം സെക്രട്ടറി ബിന്ദു മനോജ്, കുമാരിസംഘം പ്രസിഡന്റ് വൈഗ ബൈജു, കുമാരിസംഘം സെക്രട്ടറി കാർത്തിക മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
സുരേഷ് ശ്രീധരൻ തന്ത്രി, ഷാജൻ ശാന്തി, അശോകൻ ശാന്തി എന്നിവരുടെ മുഖ്യകാർമികത്വലായിരുന്നു മൂന്നുദിവസത്തെ ചടങ്ങുകൾ. ഉത്സവത്തിന്റെ രണ്ടാംദിനം നടന്ന കുടുംബ സംഗമം എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ.സോമൻ ക്ഷേമനിധി വിതരണം നടത്തി. യൂണിയൻ കൗൺസിലർ പി.കെ.രാജൻ അടക്കമുള്ളവർ പ്രസംഗിച്ചു. തുടർന്ന് പി.കെ.ബിജു പുളിക്കലടത്തിന്റെ പ്രഭാഷണവും നടന്നു. ഉത്സവത്തിന്റെ സമാപന ദിനം രാവിലെ കലശാഭിഷേകവും വൈകിട്ട് മഹാപ്രസാദമൂട്ടും ഗാനമേളയും നടന്നു.