ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർ സോൺ ഏർപ്പെടുത്തിയ സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു


ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർ സോൺ ഏർപ്പെടുത്തിയ സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഈ ഉത്തരവിനെക്കുറിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ മറുപടി പറയണം. സ്വന്തം വകുപ്പ് സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന തരത്തിൽ ഉത്തരവിറക്കിയിട്ടും മിണ്ടാതിരിക്കുന്നത് മന്ത്രിയുടെ കഴിവുകേടാണ്.
പട്ടയ ഭൂമിയിൽ വീടൊഴികെ ഒരു നിർമ്മാണത്തിനും ഇപ്പോൾ അനുമതിയില്ല. ഏലം പട്ടയ ഭൂമിയിലാകട്ടെ ഒരു നിർമ്മാണവും പാടില്ലന്നും ഉത്തരവിറക്കി . ദുരന്തനിവാരണ നിയമപ്രകാരം ജില്ലയിൽ 13 പഞ്ചായത്തുകളിൽ റെഡ്, ഓറഞ്ച് സോണുകളായി തിരിച്ച് നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. മതികെട്ടാൻ ചോലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോണിന്റെ ഭാഗമായും നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞിരിക്കുകയാണ്. ഇങ്ങനെ ഇടതുസർക്കാരിന്റെ പല തരത്തിലുള്ള വിലക്കുകളാൽ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴാണ് ഇപ്പോൾ ഡാമുകൾക്ക് ചുറ്റും ബഫർ സോൺ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 26 നാണ് ജലസംഭരണികളുടെ പരമാവധി വാട്ടർ ലവൽ മുതൽ രണ്ട് കാറ്റഗറികളായി തിരിച്ച് ബഫർസോൺ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇതിൽ ആദ്യ 20 മീറ്റർ ചുറ്റളവിൽ ഒരു നിർമാണവും പാടില്ല. 100 മീറ്റർ ചുറ്റളവിൽ നിർമാണത്തിന് എക്സിക്യൂട്ടിവ് എൻജിനീയറുടെ എൻഒസി വേണം. ഇവിടെയും 3 നിലകളിലുള്ള (പരമാവധി 10 മീറ്റർ ) നിർമാണപ്രവർത്തനങ്ങൾക്കേ അനുമതി നൽകുകയുള്ളു.
ഇടുക്കി ജില്ലയിൽ മലങ്കര ഡാമാണ് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളത്. അറക്കുളം, കുടയത്തൂർ, മുട്ടം, ഇടവെട്ടി, ആലക്കോട് വെള്ളിയാമറ്റം, എന്നീ ആറ് പഞ്ചായത്തുകളിലെ നൂറ് കണക്കിന് കുടുംബങ്ങളാണ് ഈ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്നത്. ഒട്ടേറെ പട്ടിക ജാതി/പട്ടികവർഗ കോളനികളും ഈ ബഫർ സോൺ പരിധിയിലുണ്ട്. ഇവരുൾപ്പടെ ആയിരകണക്കിന് കുടുംബങ്ങളെ ഈ ഉത്തരവ് പ്രതികൂലമായി ബാധിക്കും.
ഇപ്പോൾ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളിൽ മാത്രമാണ് ബഫർ സോൺ തീരുമാനിച്ചിരിക്കുന്നതെങ്കിലും വൈകാതെ മറ്റു ഡാമുകളുടെ പരിധിയിലും ബഫർസോൺ ബാധകമാക്കാനാണ് സർക്കാരിന്റെ നീക്കം. അങ്ങനെ വന്നാൽ കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജുകളിലെ മൂന്ന് ചെയിൻ മേഖലയിലും കല്ലാർകുട്ടിയടക്കമുള്ള 10 ചെയിൻ മേഖലയിലും ഇനി പട്ടയം നൽകാൻ കഴിയാതെ വരും. ബഫർസോൺ നടപ്പാക്കാൻ നീക്കമുള്ളതിനാലാണ് പത്ത് ചെയിൻ മേഖലയിൽ പട്ടയം നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലന്ന് വൈദ്യുതി മന്ത്രി ഇടുക്കിയിൽ വന്നപ്പോൾ പറയാൻ കാരണം.
കേരളത്തിൽ 20 ഡാമുകളാണ് ജലവിഭവ വകുപ്പിന് കീഴിലുള്ളത്. ഇതിൽ 9 എണ്ണം പാലക്കാട് ജില്ലയിലും 3 എണ്ണം തൃശൂർ ജില്ലയിലുമാണ്. ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, വയനാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓരോ ഡാമുകളും വകുപ്പിന് കീഴിൽ ഉണ്ട്.
ജലസംഭരണികളുടെ വൃഷ്ടി പ്രദേശം ജണ്ടകെട്ടി തിരിച്ചിട്ടുണ്ട്. ഇതിന് പുറത്തേക്ക് ബഫർ സോൺ വ്യാപിക്കുന്നത് അംഗീകരിക്കാനാവില്ല. മറ്റൊരിടത്തും ഭൂമിയില്ലാത്തവരും പത്ത് സെന്റിൽ താഴെ മാത്രം ഭൂമിയുള്ളവരുമായ ആയിരകണക്കിന് കുടുംബങ്ങൾ സർക്കാർ പ്രഖ്യാപിച്ച ബഫർ സോൺ മേഖലയിൽ താമസിക്കുന്നുണ്ട്. ഇവർക്ക് ഒരു വീട് പോലും നിർമിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഈ ഉത്തരവ് മൂലം ഉണ്ടാകുക. അടിയന്തരമായി ഈ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ്, മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു എന്നിവർ പങ്കെടുത്തു