വീട്ടിലിരുന്നു മടുത്തു ടീച്ചറുമ്മാരേ;എന്നു തുറക്കും? സ്കൂളിലെത്താൻ കൊതിച്ച് കുട്ടികൾ
സ്കൂൾ എന്നു തുറക്കും? മറ്റു പല സംസ്ഥാനങ്ങളും സ്കൂളുകൾ തുറക്കാൻ ഒരുങ്ങുമ്പോൾ ഇവിടെയും ഈ ചോദ്യത്തിനു പ്രസക്തിയേറുകയാണ്. സംസ്ഥാനത്ത് വിദ്യാലയങ്ങൾ ഘട്ടം ഘട്ടമായി തുറക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെയും വിദഗ്ധ സമിതിയുടെയും നിർദേശമനുസരിച്ചായിരിക്കും തീരുമാനം.
സ്കൂളുകൾ തുറക്കുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. തുടർച്ചയായ രണ്ടാം വർഷവും പഠനം ‘ഡിജിറ്റൽ’ ആയതോടെ വിദ്യാർഥികൾ പലവിധ വെല്ലുവിളികളാണ് നേരിടുന്നത്. ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത കുട്ടികൾ ഇപ്പോഴും ജില്ലയിൽ ഏറെയുണ്ട്. പല പ്രദേശങ്ങളിലും നെറ്റ്‌വർക് പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഈ സാഹചര്യത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകൾ തുറക്കണമെന്നാണ് ഭൂരിഭാഗം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം. അതേസമയം, കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതും യാത്രാ സംബന്ധമായ പ്രശ്നങ്ങളുമൊക്കെ മറുവശത്ത് ആശങ്കയായുണ്ട്. കോവിഡ് നിയന്ത്രണ വിധേയമാകുകയും കുട്ടികൾക്കു വാക്സീൻ ലഭ്യമാക്കുകയും ചെയ്ത ശേഷം സ്കൂൾ തുറന്നാൽ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ആശങ്കയാകുന്നത് യാത്ര
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി, കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് സ്കൂളുകൾ പ്രവർത്തിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് അധ്യാപകർ പറയുന്നത്. അതേസമയം സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്. യാത്രയിൽ കൃത്യമായി അകലം പാലിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വീഴ്ച വരാനിടയുണ്ട്. ഇതു കോവിഡ് വ്യാപനത്തിന് ഇടയാക്കുമോ എന്ന ആശങ്ക അധ്യാപകരിൽ ചിലർ പങ്കുവയ്ക്കുന്നു.
ഓൺലൈൻ പഠനം: തുടരുന്ന പ്രതിസന്ധി
ജില്ലയിൽ ആയിരക്കണക്കിനു വിദ്യാർഥികളുടെ ഓൺലൈൻ പഠനം തുടർച്ചയായ രണ്ടാം വർഷവും പ്രതിസന്ധിയിലാണ്. ‘ഒരു വീട് ഒരു യൂണിറ്റ്’ എന്ന രീതിയിൽ കണക്കാക്കി ജില്ലയിൽ 5,973 വീടുകളാണുള്ളത്. ഇതിൽ 3891 വീടുകളിലും ഓൺലൈൻ പഠനത്തിനു വേണ്ട സൗകര്യങ്ങളുണ്ട്. സർക്കാരിന്റെ പുതിയ നിർദേശ പ്രകാരം ഒരു കുട്ടിയെ ഒരു യൂണിറ്റായി കണക്കാക്കണമെന്നാണ്. ആ വിധത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ചു ഓൺലൈൻ പഠന സൗകര്യമില്ലാത്ത 13,517 കുട്ടികളാണ് ജില്ലയിൽ ഉണ്ടായിരുന്നത്.
വിവിധ സംഘടനകളുടെയും മറ്റും സഹായത്തോടെ ഇതിൽ രണ്ടായിരത്തോളം പേർക്കു ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു. ഇനിയും 11,000ൽ പരം പേർക്കു ഡിജിറ്റൽ പഠനോപകരണങ്ങൾ ആവശ്യമായുണ്ട്. ഇതിനു പുറമേ നെറ്റ്‌വർക് പ്രശ്നങ്ങളും പല മേഖലകളിലും വിലങ്ങുതടിയാകുന്നു. ജില്ലയിലെ വിദ്യാർഥികളുടെ ഓൺലൈൻ പഠനം വിജയകരമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ഡിവൈസ് ചാലഞ്ചുമായി ജില്ലാ ഭരണകൂടം രംഗത്തുണ്ട്.