ക്യാൻസറിനെ പ്രതിരോധിക്കാൻ ജനങ്ങൾ മുന്നോട്ട് വരണം : ജില്ലാ കളക്ടർ


ക്യാൻസർ എന്ന വിപത്തിനെ പ്രതിരോധിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. ആരോഗ്യവകുപ്പിന്റ ക്യാന്‍സര്‍ പ്രതിരോധ ജനകീയ മെഗാ സ്ക്രീനിംഗ് ക്യാമ്പയിന്‍ ‘ആരോഗ്യം ആനന്ദം; അകറ്റാം അര്‍ബുദം’ കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.രോഗലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിച്ചാൽ നൂറ് ശതമാനവും ഭേദമാക്കാൻ സാധിക്കുന്ന രോഗമാണിത്. അതിന് കൃത്യമായ സ്ക്രീനിംഗിന് വിധേയമാവുകയാണ് വേണ്ടത്. വൈകി രോഗം കണ്ടുപിടിക്കുമ്പോഴാണ് വിഷയം ഗുരുതരമാകുന്നത്. ജീവിതശൈലി പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും അതിനാൽ പ്രോസസ്‌ഡ് ഫുഡ് പരമാവധി ഒഴിവാക്കി കൃത്യമായ വ്യായാമം ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു.
പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് വർഗീസ് അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ.കെ ഖയസ് വിഷയാവതരണം നടത്തി.
സ്ത്രീകളിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം തുടങ്ങിയവയെപറ്റി സമൂഹത്തില്‍ അവബോധമുണ്ടാക്കുക, ക്യാന്‍സര്‍ സംബന്ധമായ മിഥ്യാധാരണ, ഭീതി എന്നിവ അകറ്റുക, ക്യാന്‍സര്‍ ബാധിതരോട് സമൂഹത്തിനുള്ള സഹാനുഭൂതി വര്‍ദ്ധിപ്പിക്കുക, സന്നദ്ധപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുക, അര്‍ബുദത്തെ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുക, ക്യാന്‍സര്‍ മൂലമുളള മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
കലക്ടറേറ്റിലെ വനിതാ ജീവനക്കാര്‍ക്ക് ബോധവത്ക്കരണ ക്ലാസ്സും ക്യാൻസർ സ്ക്രീനിംഗ് പരിശോധനയും നടത്തി. ആദ്യഘട്ടമായി മാർച്ച് എട്ട് വരെ ജില്ലയിൽ 62 സർക്കാർ ആശുപത്രികളിൽ സൗജന്യ സ്ക്രീനിംഗ് പരിശോധനയും ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ സ്മിത ആശുപത്രി ഉൾപ്പെടെ കുറഞ്ഞ ചെലവിൽ പാപ് സ്മിയർ, മാമോഗ്രാഫി പരിശോധനയും ഉണ്ടായിരിക്കും.
ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.സിബി ജോർജ്, ജില്ലാ ആർദ്രം ഓഫീസർ കെ. വിപിൻ കുമാർ, ജില്ലാ റ്റിബി ഓഫീസർ ഡോ. ആഷിഷ് മോഹൻകുമാർ, ജില്ലാ ആസ്ഥാനത്തുളള സ്ഥാപനങ്ങൾ വകുപ്പുകൾ ജീവനക്കാർ, ഹോളി ക്രോസ്സ് കോളേജ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.