ഇടുക്കി ജില്ലയിൽ അടുത്ത കാലത്തായി ഉണ്ടാകുന്ന മോട്ടോര്‍ വാഹന അപകട മരണങ്ങളുടെ വിശദമായ വിവരങ്ങൾ പരിശോധിക്കുവാനായി ജോയിൻറ് റോഡ് ഇൻസ്പെക്ഷൻ നടന്നു


കേരള സ്റ്റേറ്റ് ട്രാഫിക് ഇൻസ്പെക്ടർ ജനറൽ കാളിരാജ് മഹേഷ് കുമാർ എസ് ഐ പി എസ് അവർകളുടെ നിർദ്ദേശപ്രകാരം ബിജു കെ ആർ (ഇടുക്കി ജില്ലാ ട്രാഫിക് നോഡൽ ഓഫീസര്‍ & ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡിസിആർബി) ന്റെ നേതൃത്വത്തില്‍ ബ്രൂസൺ ഹരോൾഡ് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പിഡബ്ല്യുഡി റോഡ്സ് മെയിന്റനൻസ്, ഇടുക്കി), ഷബീര്‍ അലി എം.എസ് (അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, ഇടുക്കി), മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം ഇടുക്കി ജില്ലയിൽ അടുത്ത കാലത്തായി ഉണ്ടാകുന്ന മോട്ടോര്‍ വാഹന അപകട മരണങ്ങളുടെ വിശദമായ വിവരങ്ങൾ പരിശോധിക്കുവാനായി ജോയിൻറ് റോഡ് ഇൻസ്പെക്ഷൻ നടത്തപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണം തെറ്റി മറിഞ്ഞ പെരുവന്താനം, പുല്ലുപാറ, ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം തെറ്റി മറിഞ്ഞ മൂന്നാര്‍ എക്കോപോയിന്റ്, വെള്ളത്തൂവലിനു സമീപമുള്ള പന്നിയാര്‍കുട്ടി എന്നിവിടങ്ങളിനായിരുന്നു പരിശോധന.
ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രമായി ഇടുക്കി ജില്ലയിൽ 200 ആക്സിഡന്റുകൾ നടന്നതിൽ 175 പേർക്ക് പരിക്കുകൾ പറ്റുകയും, 31 പേർ മരണപ്പെടുകയും ചെയ്തു. ഈ അപകടങ്ങളില്‍ രണ്ട് ബസ്സുകൾ ഉള്‍പ്പെട്ടതാണ് കൂടുതൽ ആളുകൾക്ക് മരണവും പരിക്കുമുണ്ടാകാന്‍ കാരണമായത്. കുട്ടിക്കാനം പുല്ലുപാറയിൽ ഉണ്ടായ അപകടത്തിൽ 4 പേർ മരിക്കുകയും 30 പേർക്ക് പരിക്കു പറ്റുകയും, മൂന്നാർ എക്കോ പോയിന്റിൽ ഉണ്ടായ അപകടത്തിൽ 3 പേർ മരിക്കുകയും 38 പേർക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു. ഈ അപകടങ്ങള്‍ക്കെല്ലാം കാരണമായത് ഡ്രൈവർ വാഹനം ഓടിച്ചതിലുള്ള അപാകതയായാണ് ജോയിൻറ് റോഡ് ഇൻസ്പെക്ഷൻ ടീം കണ്ടെത്തിയത്.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള ചില നിര്‍ദ്ദേശങ്ങള്‍.
• വലിയ വളവുകളും, കയറ്റവും, ഇറക്കവും ഉള്ള റോഡുകള്‍ ഉള്ള മലംപ്രദേശമായ ഇടുക്കി ജില്ലയിൽ വാഹനം ഓടിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതും, റോഡില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതില്‍ക്കൂടുതല്‍ വേഗത്തില്‍ ഒരിക്കലും വാഹനം ഓടിക്കുകയും ചെയ്യരുത്.
• ഇറക്കം ഇറങ്ങുമ്പോൾ ബ്രേക്കിന്റെ ഉപയോഗം വളരെക്കുറച്ച് ഉയർന്ന ഗിയറിൽ തന്നെ വാഹനം ഓടിക്കുക. അല്ലാത്തപക്ഷം ബ്രേക്ക്പാടുകൾ അമിതമായി ചൂടായി നിയന്ത്രണം നഷ്ടപ്പെടുവാനുള്ള സാദ്ധ്യത വളരെക്കൂടുതല്‍ ആണ്.
• വാഹനം തിരിയാൻ പോവുകയാണെന്ന് മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയായ ഇൻഡിക്കേറ്റർ ശ്രദ്ധയോടെ ഉപയോഗിക്കുക. പെട്ടെന്ന് വാഹനം തിരിയുന്നതിന് തൊട്ടുമുമ്പോ തിരിഞ്ഞതിന് ശേഷമോ ഇൻഡിക്കേറ്റർ ഇടുവാന്‍ പാടില്ല. കൂടാതെ ഇൻഡിക്കേറ്റർ ഇട്ടിട്ട് ഓഫ് ചെയ്യാതെ പോകുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തും.
• രാത്രികളിൽ ദീർഘദൂരയാത്ര വേണ്ടിവന്നാൽ ഇടയ്ക്കിടെ വാഹനം നിർത്തി വിശ്രമിക്കണം
• മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കുക. 3-സെക്കൻഡ് നിയമം: മുൻവാഹനം കടന്നുപോയതിനുശേഷം നിങ്ങളുടെ വാഹനവും പുറകെ സഞ്ചരിക്കാന്‍ കുറഞ്ഞത് 3 സെക്കൻഡ് സമയം എടുക്കണം.
• ബൈക്ക് യാത്രകളില്‍ നിര്‍ബന്ധമായും ഹെൽമെറ്റ് ധരിക്കുക.
ഗതാഗതനിയമങ്ങൾ പാലിക്കുവാന്‍…ശീലിക്കാം. അതിലൂടെ നമ്മുടെ മാത്രമല്ല സഹജീവികളുടേയും ജീവനും ജീവിതവും നമുക്ക് സംരക്ഷിക്കാം