അഫാൻ മദ്യപിച്ചത് ധൈര്യം കിട്ടാൻ; ഫർസാന അവസാനമായി ചോദിച്ചത് ഇനി എങ്ങനെ ജീവിക്കുമെന്ന്


വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴി പുറത്ത്. പാങ്ങോട് പൊലീസിനാണ് മൊഴി നൽകിയത്. സഹോദരൻ അഫ്സാനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്താൻ ധൈര്യം കിട്ടാൻ വേണ്ടിയാണ് താൻ മദ്യപിച്ചതെന്ന് പ്രതി. ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുൻപ് അഫാൻ മറ്റു കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ശേഷം ഇനി എങ്ങനെ ജീവിക്കുമെന്നായിരുന്നു ഫർസാന അവസാനമായി അഫാനോട് ചോദിച്ചിരുന്നത്. വിവരം കേട്ടു കരഞ്ഞു കൊണ്ടിരിക്കുമ്പോഴായിരുന്നു തൊട്ടു പിന്നാലെ കസേരയിലിരുന്ന ഫർസാനയെ പ്രതി ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തിയത്.
പ്രതിയുടെ മുത്തശ്ശി സൽമാബീവി തങ്ങൾക്കുണ്ടായ കടബാധ്യതയ്ക്ക് കാരണം അമ്മ ഷെമിയാണെന്ന് നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് മുത്തശ്ശിയോടുള്ള വൈരാഗ്യത്തിന് കാരണമായത്.
പിതൃ സഹോദരൻ ലത്തീഫിന്റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ലെന്നും, ലത്തീഫിന്റെ കൊലപാതക വിവരം പുറത്തു പപറയുമെന്ന ഭയത്താലാണ് അവരെയും കൊലപ്പെടുത്തിയതെന്ന് അഫാൻ മൊഴി നൽകി. കടം വാങ്ങിയ പണം ആവശ്യപ്പെട്ടു വീട്ടിലേക്ക് വരാനിടയുള്ള ആളുകൾക്കായിരുന്നു സ്വർണ്ണം പണയം വെച്ച പണം അയച്ചു കൊടുത്തതെന്നും അഫാന്റെ മൊഴി.
അതേസമയം, അഫാന്റെ പിതാവ് അബ്ദുൾ റഹീം ദമാമിൽ നിന്ന് ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ റഹീം സന്ദർശിച്ചു. യാത്രാ രേഖകൾ ശരിയായതോടെയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമി റഹീമിനോട് പറഞ്ഞതായി റഹീമിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഗോകുലം മെഡിക്കൽ കോളജിലാണ് ഷെമി ചികിത്സയിലുള്ളത്.