രഹസ്യവിവരങ്ങൾ ചോർത്തിയ 20 ജീവനക്കാർ പുറത്ത്; മെറ്റയിൽ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്


ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിൽ സുരക്ഷാവീഴ്ച. കമ്പനിയുടെ രഹസ്യവിവരങ്ങൾ ചോർത്തിയ 20 ജീവനക്കാരെ പിരിച്ചുവിട്ടു. മെറ്റയുടെ ഭാവിപദ്ധതികൾ, മീറ്റിംഗുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ചോർത്തിയതിനെ തുടർന്നാണ് നടപടി. കമ്പനിയിലെ ആഭ്യന്തര വിവരങ്ങൾ ചോർത്തുന്നത് ഗുരുതരമായ തെറ്റാണെന്നും, ഇത് കമ്പനിയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു.
കമ്പനിയിൽ പ്രവേശിക്കുമ്പോൾ തന്നെ ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും, ഇടയ്ക്കിടെ ഓർമിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും വിവരങ്ങൾ ചോർന്നത് മെറ്റയെ സംബന്ധിച്ച് വലിയ സുരക്ഷാവീഴ്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരങ്ങൾ ചോർന്നതിനെ തുടർന്ന് മെറ്റ ഒരു അന്വേഷണം നടത്തുകയും, ഇതിനെത്തുടർന്ന് ഏകദേശം 20 ജീവനക്കാരെ പുറത്താക്കുകയുമായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും കമ്പനി വക്താവ് ഡേവ് ആർനോൾഡ് അറിയിച്ചു.
കമ്പനിയുടെ രഹസ്യവിവരങ്ങൾ പുറത്തായത് മെറ്റയുടെ ഭാവി പദ്ധതികളെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിവരങ്ങൾ ചോർത്തിയവരെ കണ്ടെത്തുന്നതിനായി മെറ്റ കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നുണ്ട്.