അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് വാക്സിനേഷന്‍; മുഴുവന്‍ പഞ്ചായത്തുകളിലും ക്യാമ്പ് നടത്തും
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി പഞ്ചായത്തടിസ്ഥാനത്തില്‍ നടത്തുന്ന വാക്സിന്‍ ക്യാമ്പ് ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ആരോഗ്യ വകുപ്പ്, ജില്ലാ ലേബര്‍ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പോലീസ് എന്നീ വകുപ്പുകള്‍ യോജിച്ചാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. വാക്സിനേഷന്‍ ഡ്രൈവിലൂടെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനാണ് ലക്ഷ്യം.
എല്ലാ അതിഥി തൊഴിലാളികള്‍ക്കും വേഗത്തില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുന്നതിനായി ഇവരെ സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഇതിനോടകം ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി ക്യാമ്പ് സംഘടിപ്പിച്ചു. 12576 അതിഥി തൊഴിലാളികള്‍ ജില്ലയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവര്‍ക്ക് മുഴുവന്‍ വാക്സിന്‍ നല്‍കുന്നതിനാണ് ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. ഇതിനായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഉടന്‍ ക്യാമ്പുകള്‍ സജ്ജമാക്കും. ഇതിന് മുന്നോടിയായി ജില്ലാ ലേബര്‍ ഓഫീസില്‍ ശേഖരിച്ച അതിഥി തൊഴിലാളികളുടെ കണക്ക് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പട്ടികയാക്കി നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ കേന്ദങ്ങള്‍ വഴിയാണ് വാക്സിന്‍ വിതരണം ചെയ്യുക. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വാക്സിന്റെ ലഭ്യതയനുസരിച്ച് സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയും വാക്സിന്‍ നല്‍കും.
അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍, വ്യവസായ ശാലകള്‍, വിവിധ തൊഴിലാളി ഗ്രൂപ്പുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, തൊഴില്‍ ഉടമകള്‍ എന്നിവ മുഖാന്തിരമാണ് തൊഴിലാളികളെ ക്യാമ്പുകളില്‍ എത്തിക്കുക. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ അധികൃതര്‍ മുഖാന്തിരം മുന്‍ കൂട്ടി നല്‍കിയ നിശ്ചിത സമയക്രമത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പുകളില്‍ എത്തിക്കേണ്ടത്.
തൊടുപുഴ താലൂക്കിലെ ആദ്യ ക്യാമ്പ് മുട്ടം സിഎച്ച്സിയില്‍ സംഘടിപ്പിച്ചു. കോവാക്സിനാണ് ഇവര്‍ക്ക് വിതരണം ചെയ്തത്. പഞ്ചായത്തിലെ 270 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി അധികൃതര്‍ പറഞ്ഞു. നിശ്ചിത ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിനും ഇതേ സ്ഥലങ്ങളില്‍ നിന്ന് തന്നെ നല്‍കും. മുട്ടത്ത് സംഘടിപ്പിച്ച ക്യാമ്പിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍, ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി, ജില്ലാ ലേബര്‍ ഓഫീസര്‍ വി.കെ.നവാസ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പി.കെ ബെന്നി, മുട്ടം സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി ചാക്കോ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, പോലീസ് അധികൃതര്‍ എന്നിവര്‍ നേതൃത്വം നല്‍കി.