കോവാക്സീനും കോവിഷീൽഡും ഇടകലര്‍ത്തി നൽകുന്നത് ഫലപ്രദമെന്നു ഐസിഎംആര്‍


ന്യൂഡൽഹി∙ വാക്സീൻ മിശ്രണം പിന്തുണച്ച് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ). വ്യത്യസ്ത വാക്സീനുകൾ രണ്ടു ഡോസായി നൽകുന്നത് ദോഷം ചെയ്യില്ലെന്നു മാത്രമല്ല, കുടൂതൽ ഫലപ്രാപ്തി നൽകുമെന്നും പഠനം വ്യക്തമാക്കുന്നതായി ഐസിഎംആർ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു
ഐസിഎംആറും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ചേർന്നാണ് കോവാക്സീൻ, കോവിഷീൽഡ് വാക്സീനുകൾ ഉപയോഗിച്ചു പഠനം നടത്തിയത്. ഉത്തർപ്രദേശിലെ 18 പേരിലായിരുന്നു പരീക്ഷണം. എന്നാൽ പഠനം പൂർണമായി അവലോകനം ചെയ്തിട്ടില്ല. ജൂലൈ 30നാണ് വിദഗ്ധ സമിതിയും ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷനും വാക്സീൻ മിശ്രണത്തെക്കുറിച്ചു പഠിക്കാൻ അനുവാദം നൽകിയത്. കോവിഷീല്‍ഡും കോവാക്സീനും വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളവയാണെങ്കിലും ഇവയുടെ സംയോജനം ഗുണകരമാണെന്ന് െഎസിഎംആര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സീൻ കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംഎർ മറ്റൊരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നാണ് കോവാക്സീൻ വികസിപ്പിച്ചത്. യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ‘ജാൻസെൻ’ ഒറ്റ ഡോസ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്സീനാണിത്.