മികച്ച വില്ലേജ് ഓഫീസർ പുരസ്കാരം വീണ്ടും അമ്പിളിമോൾ പി മോഹനനിലൂടെ കട്ടപ്പനയ്ക്ക്


ഇന്നലെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റവന്യൂ അവാർഡിലാണ് മികച്ച വില്ലേജ് ഓഫീസർ അവാർഡ് മൂന്നാം തവണയും കട്ടപ്പന വില്ലേജ് ഓഫീസ് നേടിയെടുത്തത്. വർഷങ്ങളായി മുടങ്ങി കിടന്ന റവന്യു ദിനാചരണം പുനരാരംഭിക്കുന്നതിൻ്റെ ഭാഗമായി 2022-ൽ പ്രഖ്യാപിച്ച റവന്യു അവാർഡിൽ ഇടുക്കി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി കട്ടപ്പന വില്ലേജ് ഓഫീസർ ജെയ്സൺ ജെ ഒഴുകയിലിനും 2024-ൽ എം ജോർജ്ജ്കുട്ടിയും, ഈ വർഷം അമ്പിളിമോൾ പി മോഹനനും ഈ അഭിമാനനേട്ടത്തിന് അർഹയായി.
ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ 2003- ജനുവരി 13 ന് ക്ലർക്കായാണ് അമ്പിളിയുടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിടുന്നത്.
വയനാട്, ഉടുമ്പൻചോല റവന്യു റിക്കവറി ഓഫീസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു. തുടർന്ന് 2017-ൽ ഉടുമ്പൻചോല താലൂക്കിലെ പാറത്തോട് വില്ലേജിൽ ആദ്യമായി വില്ലേജ് ഓഫീസറായി സ്ഥാനകയറ്റം കിട്ടി എത്തി. തുടർന്ന് ഉടുമ്പൻചോല റവന്യു റിക്കവറി ഓഫീസിൽ ജോലി ചെയ്തതിന് ശേഷം ജന്മനാടായ ഇരട്ടയാർ വില്ലേജ് ഓഫീസറായി. രണ്ട് വർഷങ്ങൾക്ക് ശേഷം ഇടുക്കി താലൂക്കിലെ കട്ടപ്പനയിലെ ഭൂമി പതിവ് ഓഫീസിലെ റവന്യൂ ഇൻസ്പെക്ടറായി ജോലി ചെയ്തു. എട്ട് മാസങ്ങൾക്ക് മുമ്പാണ് കട്ടപ്പന വില്ലേജ് ഓഫീസറായി അമ്പിളി എത്തുന്നത്.
മുണ്ടിയെരുമയിലാണ് സ്വഭവനം.
ഭർത്താവ് പരേതനായ അജു. മക്കൾ : ദേവനാഥ് , സൂര്യനാഥ്.
കട്ടപ്പന വില്ലേജ് ഓഫീസർ അമ്പിളി മോൾ പി മോഹനനെ കൂടാതെ പീരുമേട് താലൂക്കിലെ കുമളി വില്ലേജ് ഓഫീസർ സജിലാൽ, തൊടുപുഴ താലൂക്കിലെ തൊടുപുഴ വില്ലേജ് ഓഫീസർ സുധർമ്മ കുമാരി ബി എന്നിവരെ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാരായി തിരഞ്ഞെടുത്തു.