ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ; ഗുസ്തിയിൽ ബജ്‌രംഗിന് വെങ്കലം
ടോക്കിയോ ∙ ഒളിംപിക് ഗോദയിലെ സുവർണ സ്വപ്നങ്ങൾ തകർന്നതിന്റെ വിഷമം വെങ്കല മെഡൽ പോരാട്ടത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ ബജ്‌രംഗ് പൂനിയ തീർത്തു. സ്വർണമകന്നെങ്കിലും വെങ്കല മെഡൽ പോരാട്ടത്തിൽ ജയിച്ച ബജ്‌രംഗ് പൂനിയ ടോക്കിയോയിൽ ഇന്ത്യയുടെ ആറാം മെഡൽ സ്വന്തം പേരിലാക്കി. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിലാണ് ബജ്‌രംഗ് പൂനിയ വെങ്കലം നേടിയത്. വെങ്കല മെഡൽ പോരാട്ടത്തിൽ കസഖ്സ്ഥാന്റെ ദൗലത്ത് നിയാസ്ബെക്കോവിനെയാണ് ബജ്‌രംഗ് പൂനിയ തറപറ്റിച്ചത്. 8–0 എന്ന സ്കോറിനാണ് പൂനിയയുടെ വിജയം.
ഇതോടെ, ആറാം മെഡലുമായി ഇന്ത്യ ഒളിംപിക്സ് ചരിത്രത്തിൽ തങ്ങളുടെ തന്നെ ഏറ്റവുമുയർന്ന മെഡൽ നേട്ടത്തിന് ഒപ്പമെത്തി. 2012ൽ ലണ്ടനിലാണ് ഇന്ത്യ ഇതിനു മുൻപ് ആറു മെഡലുകൾ നേടിയത്. ടോക്കിയോയിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവരാണ് ഇന്ത്യയ്ക്കായി വെള്ളി നേടിയത്. ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി.