67-മത് ഗ്രാമിയിൽ ചരിത്ര നേട്ടവുമായി ബിയോൺസെ
അമേരിക്കൻ ഗായിക ബിയോൺസെക്ക് റെക്കോർഡുകൾ നേടുന്നത് പുതിയ കാര്യമല്ല. കൂടുതൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിലും അവാർഡുകൾ നേടുന്നതിലും ബിയോൺസെ മുൻപന്തിയിലാണ്. ഗ്രാമി ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുരസ്കാരം ലഭിച്ച കലാകാരിയെന്ന റെക്കോർഡ് ബിയോൺസെ 2023 ൽ തന്നെ നേടിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ 67-ാമത് ഗ്രാമി പുരസ്കാര വേദിയിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഗായിക.
വേദിയിൽ മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യത്തെ കറുത്ത വംശജ എന്ന ബഹുമതിയാണ് ബിയോൺസെ നേടിയത്. ആൽബം ഓഫ് ദി ഇയർ വിഭാഗത്തിൽ വിജയിക്കാതെ ഏറ്റവുമധികം നാമനിർദ്ദേശം ചെയ്യപ്പെട്ട വനിതാ കലാകാരിയെന്ന തന്റെ റെക്കോർഡാണ് ഇത്തവണ ഗായിക മറിക്കടന്നത്.
67-ാമത് ഗ്രാമിയിൽ പതിനൊന്ന് നോമിനേഷനുകളുമായി എത്തിയ ബിയോൺസെ മൂന്ന് അവാർഡുകൾ കൂടി നേടി തന്റെ മുഴുവൻ ട്രോഫികളുടെ എണ്ണം 35 ആക്കിയിരിക്കുകയാണ്. രണ്ടു വർഷം മുമ്പ് 2023 ലെ ഗ്രാമി ചടങ്ങിൽ ബിയോൺസെ 32 വിജയങ്ങളുമായി ഗ്രാമി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവാർഡ് നേടിയ കലാകാരിയായി മാറി, അന്തരിച്ച ജോർജ്ജ് സോൾട്ടിയുടെ റെക്കോർഡാണ് മറികടന്നത്. ‘റിനൈസൻസ്’ എന്ന ആൽബം സോങ്ങിനായിരുന്നു ഈ അവാർഡുകൾ ലഭിച്ചത്.
ലോസ് ആഞ്ചൽസിൽ വെച്ചായിരുന്നു ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചത്. 94 വിഭാഗങ്ങളിലായിരുന്നു മത്സരം. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവ ആയിരുന്നു അവതാരകൻ. ലൊസാഞ്ചലസിലെ കാട്ടുതീ ദുരിതം അനുഭവിക്കുന്ന ജനതയെ ഓർത്ത് കൊണ്ടായിരുന്നു ചടങ്ങുകൾ തുടങ്ങിയത്.