ആർടിപിസിആർ സർട്ടിഫിക്കറ്റോ, വാക്സീൻ സർട്ടിഫിക്കറ്റോ വേണം; കുമളി വഴി തമിഴ്‌നാട്ടിലേക്കു പോകാനെത്തിയവർക്ക് നിരാശ
അതിർത്തി കടക്കാൻ ആർടിപിസിആർ സർട്ടിഫിക്കറ്റോ, രണ്ടു വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയതോടെ ജില്ലാ അതിർത്തിയിൽ ആശങ്ക നിറയുന്നു. കുമളി വഴി തമിഴ്‌നാട്ടിലേക്കു പോകാനെത്തിയ ഒട്ടേറെ പേർ നിരാശരായി മടങ്ങി. കഴിഞ്ഞ ദിവസം വരെ ഇ-പാസ് ഉണ്ടെങ്കിൽ ആർക്കും കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകാമായിരുന്നു. കേരളത്തിൽ കോവിഡ് വ്യാപനത്തിന് കുറവില്ലാത്തതിനാൽ നടപടികൾ കടുപ്പിക്കാൻ തമിഴ്‌നാട് തീരുമാനിക്കുകയായിരുന്നു.
2 ഡോസ് വാക്സീൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈവശമുണ്ടായിരുന്നവരെ മാത്രമാണ് അതിർത്തി കടക്കാൻ അനുവദിച്ചത്. ഈ രേഖകൾ കൈവശമില്ലാതിരുന്ന ഒട്ടേറെ പേർ മണിക്കൂറുകളോളം അതിർത്തിയിൽ കാത്തു നിന്നെങ്കിലും ഉദ്യോഗസ്ഥർ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്ന് പൊലീസ് പറഞ്ഞു. മറയൂർ അതിർത്തി ചിന്നാർ ചെക്പോസ്റ്റിലും പരിശോധന ശക്തം.
സർട്ടിഫിക്കറ്റുകൾ ഇല്ലാത്തവരെ ഈ അതിർത്തിയിലൂടെ കടത്തിവിടുന്നില്ല. ചികിത്സാ ആവശ്യങ്ങൾക്കായി അതിർത്തി തമിഴ്നാട്ടിലേക്കു യാത്ര ചെയ്യുന്നവർ പ്രതിസന്ധിയിലാവും. തോട്ടം തൊഴിലാളികളുടെ വരവ് നിയന്ത്രിക്കപ്പെടുന്നതോടെ കാർഷിക മേഖലയും ദുരിതത്തിലാവും. ചരക്കു വാഹനങ്ങൾക്കും പരിശോധന കർശനമാക്കിയതോടെ അവശ്യ സാധനങ്ങളുടെ നീക്കവും ബുദ്ധിമുട്ടിലാവാൻ സാധ്യതയുണ്ട്.
വ്യാജൻ വേണ്ട പിടി വീഴും
വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുമായി എത്തുന്നവർ കുടുങ്ങും. ആർടിപിസിആർ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ തമിഴ്നാട് ആരോഗ്യവകുപ്പിന്റെ ആപ്പ്. തമിഴ്നാട്, കേരള പൊലിസിന്റെ സംയുക്ത പരിശോധനയാണ് കമ്പംമെട്ടിൽ നടക്കുന്നത്. സർട്ടിഫിക്കറ്റ് നിർമാണത്തിനു പിന്നിൽ വൻ മാഫിയ സംഘമെന്ന് പരാതി ഉയർന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമിച്ച 4 പേർ കമ്പംമെട്ടിൽ അറസ്റ്റിലായിരുന്നു.
തമിഴ്നാട്ടിൽ നിന്നു വ്യാജ സർട്ടിഫിക്കറ്റുകളുമായി അതിർത്തി കടന്നവരുടെ വിവരം അറസ്റ്റിലായവരിൽ നിന്നു കമ്പംമെട്ട് പൊലീസ് ശേഖരിച്ചു. അതിർത്തി കടന്നവരെ കണ്ടെത്താൻ കമ്പംമെട്ടിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു തുടങ്ങിയിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിനു പിന്നിൽ കമ്പം, തേനി, മധുര കേന്ദ്രീകരിച്ച് വൻ റാക്കറ്റെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ വേൽമുരുകനും വിജയകുമാറും കമ്പം, പന്നൈപുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കമ്പംമെട്ട് സിഐ ജി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 2 കംപ്യൂട്ടറുകളും 2 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ചെക്ക് പോസ്റ്റ് വഴി ആളുകൾ കടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓരോ പാസും പൊലീസ് പരിശോധന നടത്തി മാത്രമാണ് ഇപ്പോൾ ചെക് പോസ്റ്റ് വഴി കേരളത്തിലേക്ക് യാത്രക്കാരെ കടത്തി വിടുന്നത്.
ഏലം മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്
ബോഡിമെട്ട്, കുമളി, കമ്പംമെട്ട് അതിർത്തികളിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുമ്പോൾ ജില്ലയിലെ ഏലം മേഖല വീണ്ടും അനിശ്ചിതത്വത്തിലാവും. തമിഴ്നാട്ടിൽ നിന്ന് ജില്ലയിലെ ഏല തോട്ടങ്ങളിലേക്ക് ഇരുപതിനായിരത്തോളം തൊഴിലാളികളാണ് 3 ചെക് പോസ്റ്റുകൾ കടന്ന് ദിനംപ്രതി വന്നുകൊണ്ടിരുന്നത്. സീസൺ അവസാനിക്കാൻ ഇനിയും 5 മാസം കൂടി ബാക്കിയുണ്ട്.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഇരു സംസ്ഥാനത്തെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തിയാണ് തൊഴിലാളികളുമായെത്തുന്ന വാഹനങ്ങൾ കടത്തി വിടാൻ തീരുമാനിച്ചത്. ഹ്രസ്വകാലത്തേക്ക് നൽകുന്ന പാസെടുത്താണ് തൊഴിലാളികൾ കേരളത്തിലെത്തിയിരുന്നത്. തമിഴ്നാട് സർക്കാർ നിയന്ത്രണം കടുപ്പിച്ചാൽ തമിഴ്നാട് സ്വദേശികളായ ഒട്ടേറെ തോട്ടം ഉടമകളും അതിർത്തി ഗ്രാമങ്ങളിലുള്ള തോട്ടങ്ങളിൽ വരാൻ കഴിയാതെ പ്രതിസന്ധിയിലാകും.