‘ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ട്; ബജറ്റില്‍ തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല’; കെ.എന്‍ ബാലഗോപാല്‍


ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റില്‍ പെന്‍ഷന്‍ തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല. നിലവിലുള്ള ക്ഷേമപെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനാണ് മുന്‍ഗണനയെന്നും ബജറ്റിന് മുന്നോടിയായി ധനമന്ത്രി വ്യക്തമാക്കി.
ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അന്ന് നിലനിന്നിരുന്ന സാഹചര്യം വച്ചാണ്. അതിന് ശേഷമാണ് ഏറ്റവും കടുത്ത സാമ്പത്തിക ഉപരോധം പോലൊന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വന്നത്. അത് കുറച്ച് ബാധിച്ചിട്ടുണ്ട്. പ്രകടന പത്രികയില്‍ ഉള്‍പ്പടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നേടാനുള്ള ശ്രമം നടത്തും. എന്നാല്‍ ഇത്രയും വെട്ടിക്കുറവ് വരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഇത്രയും ശ്വാസം മുട്ടിച്ചിട്ടും പിടിച്ചു നില്‍ക്കുന്ന കേരളം കൂടുതല്‍ മെച്ചപ്പെട്ട തരത്തിലേക്ക് പോകും. ആ വികസനത്തിനൊപ്പം പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കും – അദ്ദേഹം വിശദമാക്കി.
വിഷയത്തില്‍ കൂടിയാലോചനക്ക് ശേഷം അന്തിമ തീരുമാനം കൈക്കൊളളും. ജി.എസ്.ടി നഷ്ടപരിഹാരം തുടരുകയോ വെട്ടിക്കുറച്ച തുക ലഭിക്കുകയോ ചെയ്താല്‍ കൂട്ടാന്‍ തടസമില്ലെന്നും ധനമന്ത്രി പറഞ്ഞു.
ബജറ്റിന്റെ തയാറെടുപ്പുകള്‍ നടക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. ഓരോഘട്ടത്തിലും വികസനത്തിന്റെ കാര്യത്തിലും തൊഴിലവസരത്തിന്റെ കാര്യത്തിലും സാമൂഹ്യക്ഷേമത്തിന്റെ കാര്യത്തിലുമെല്ലാം പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടാണിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടല്ല. കേരളത്തെ കൂടുതല്‍ മുന്നോട്ട് നയിക്കാന്‍ സഹായകമാകുന്ന രീതിയില്‍ ഉള്ളതായിരിക്കും ബജറ്റ്. വികസനകാര്യങ്ങളില്‍ ഉന്നിക്കൊണ്ടായിരിക്കും ബജറ്റ്. ജനകീയ ബജറ്റ് തന്നെയായിരിക്കും – അദ്ദേഹം വ്യക്തമാക്കി.