76ാമത് റിപബ്ലിക് ദിനാഘോഷം: ഇത്തവണ 17 പ്ലാറ്റൂണുകൾ പരേഡിൽ അണി നിരക്കും
ഈ വർഷത്തെ റിപബ്ലിക് ദിനാഘോഷവും പരേഡും ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ നടക്കും. ഇത്തവണ മാർച്ച് പാസ്റ്റിൽ 17 പ്ലാറ്റുണുകൾ പങ്കെടുപ്പിക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ വി വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ റിപബ്ലിക് ദിനാഘോഷമുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറുടെ ചേംബറിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. പരേഡിൻ്റെ റിഹേഴ്സൽ ജനുവരി 23, 24 തിയ്യതികളിൽ രാവിലെ 8 മുതൽ നടത്തും. പരേഡിന് മുന്നോടിയായും പരേഡ് ദിനത്തിലും വിവിധ വകുപ്പുകൾ ചെയ്യേണ്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
പരേഡിൻ്റെ നിയന്ത്രണം, ക്രമീകരണം, സുരക്ഷ ക്രമീകരണം, ദേശീയപതായുടെ അനുപാതവും നിറവും ജില്ലാ പൊലീസ് മേധാവി ഉറപ്പ് വരുത്തും.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് പന്തൽ, സ്വാഗത കമാനം എന്നിവയുടെ ചുമതല. ഇലക്ടിക്കൽ വിഭാഗം വെളിച്ചവും ജനറേറ്റർ സംവിധാനവും ഒരുക്കും.
പരേഡിനുള്ള കുട്ടികളെ റിഹേഴ്സൽ ദിനങ്ങളിലും റിപബ്ലിക്ക് ദിനത്തിലും ഗ്രൗണ്ടിൽ എത്തിക്കുന്നതിനുള്ള വാഹന സൗകര്യം ആർ ടി ഒ ഉറപ്പ് വരുത്തും. ആംബുലൻസ് ഉൾപെടെയുള്ള മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
റിഹേഴ്സൽ ദിനങ്ങളിലും റിപബ്ലിക്ക് ദിനാഘോഷ ദിവസവും ഗ്രൗണ്ടിൽ ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. ശുദ്ധജല ലഭ്യത വാട്ടർ അതോറിറ്റി എ ഇ. ഉറപ്പ് വരുത്തും.
ആലോഷ ദിനത്തിൽ വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കാൻ കെ എസ് ഇ ബി വാഴത്തോപ്പ് എ ഇ യ്ക്കാണ് ചുമതല.
ഗ്രൗണ്ട് നനയ്ക്കൽ, ആഘോഷ ദിവസം അഗ്നി സുരക്ഷാ സേനയെ ഗ്രൗണ്ടിൽ വിന്യസിക്കൽ എന്നിവ ക്രമീകരിക്കുന്നതിന് ജില്ലാ ഫയർ ഓഫീസർക്ക് ചുമതല നൽകി.വാഴത്തോപ്പ് മരിയാപുരം ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശുചികരണ പ്രവർത്തികൾ നടത്തും. പരിപൂർണമായും ഹരിതചട്ടം പാലിച്ചാണ് റിപബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുക.
യോഗത്തിൽ എ ഡി എം ഷൈജു പി ജേക്കബ്ബ്, ഇടുക്കി തൊടുപുഴ തഹസിൽദാർമാർ, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.