അൻപത് വർഷം പിന്നിട്ട, കട്ടപ്പന കുന്തളംപാറ, കാവുംപടി ജനകീയ ആരോഗ്യ കേന്ദ്രം അപകട ഭീഷിണിയിൽ
ഇന്ത്യൻ പോപ്പുലേഷൻ പ്രോജക്ടിന്റെ ഭാഗമായി 1975- ൽ നിർമ്മിച്ച കെട്ടിടം ജിർണ്ണാവസ്‌ഥയിലാണ്. ജനകീയ ആരോഗ്യ കേന്ദ്രവും, സ്റ്റാഫ് ക്വാർട്ടേസും ആടക്കം രണ്ട് കെട്ടിടങ്ങളാണ് അടിയന്തിരമായി പുനർനിർമ്മിക്കേണ്ടത്. കെട്ടിടങ്ങൾ നിർമ്മിച്ച ശേഷം നാളിതുവരെ ഒരു അറ്റകുറ്റ പണിയും നടത്തിയിട്ടില്ല.
കേട്ടിടത്തിന്റെ വാർക്കയുടെ ഒട്ടു മുക്കാലും മഴപെയ്താൽ ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്. ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ് . ടൈലുകൾ തകർന്ന് നാമാവശേഷമായി. കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും അടിയന്തിരമായി മാറ്റി സ്‌ഥാപിക്കേണ്ട സ്ഥിതിയിലാണ്.
19-ാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന ഈ ആരോഗ്യ കുടുംബ ക്ഷേമ കേന്ദ്രം, നഗര സഭയിലെ ആറു വാർഡുകളിലെ (വാർഡ് 17,18,19,20,22,23) പതിനായിരത്തിലേറെ ആളുകൾക്ക് പ്രയോജനപ്പെടുന്നതാണ്.
പ്രദേശത്തെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ അവരുടെ വാക്‌സിൻ അടക്കമുള്ള ആരോഗ്യ പരമായ കാര്യങ്ങൾക്ക് ആശ്രയിക്കുന്ന സ്ഥലമാണ്. ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ,
ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, ഒരു അസിസ്റ്റന്റ്, നാലു ആശ വർക്കർമാരും ഉൾപ്പെടെ ഏഴു ആരോഗ്യ വകുപ്പ് ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥലമാണ്.
വർഷങ്ങളോളം സ്റ്റാഫ് താമസിച്ചിരുന്ന സ്റ്റാഫ് ക്വാർട്ടർസ് ഇന്ന് കാട് കയറി ഉപയോഗ്യ ശുന്യമായിരിക്കുന്നു.
കട്ടപ്പന നഗര സഭയുടെ കിഴിൽ പ്രവർത്തിക്കുന്ന ഈ ആയുഷ്മാൻ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ മാസത്തിലൊരിക്കൽ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ നിന്ന് ഒരു ഡോക്ടർ വരുകയും കുട്ടികളുടെ വാക്സിൻ അടക്കമുള്ള ആരോഗ്യ പ്രശനങ്ങൾ കൈകാര്യം ചെയ്യുന്നുമുണ്ട്.
കട്ടപ്പന നഗരസഭയുടെ കിഴിലുള്ള കാവുംപടി കുടുംബരോഗ്യ കേന്ദ്രം പുനർ നിർമ്മിക്കാനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവിശ്യപെട്ടു കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ്സ് അസോസിയേഷൻ നഗര സഭാ സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, സംസ്‌ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർക്ക് പരാതി നൽകി.
കെട്ടിടം പുനർ നിർമ്മിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോസ്, സെക്രട്ടറി കെ എം സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. പ്രശനത്തിൽ നഗര സഭ അടിയന്തിരമായി ഇടപെടണമെന്ന് കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ യോഗം ആവിശ്യപ്പെട്ടു .
യോഗത്തിൽ ബെന്നി പുളിക്കൽ, സോബികുട്ടി കൊച്ചീലാത്തു, മധു കൊല്ലക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.