താലിബാനെ സ്നേഹിക്കുന്ന ചൈന, വെറുക്കുന്ന പാക്കിസ്ഥാൻ, കൈവിട്ട ഇറാൻ, കൈപിടിച്ച റഷ്യ: ഇന്ത്യയുടെ ആശങ്കയും ട്രംപ് എന്ന പ്രതീക്ഷയും
താലിബാൻ ഭരണ നിയന്ത്രണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദത്തെ ഏത് നിലയിൽ സ്വാധീനിക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഈ നീക്കത്തിലൂടെ താലിബാന്റെ ഭരണത്തിലുള്ള സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കില്ലെങ്കിലും രാജ്യ താൽപര്യവും സുരക്ഷയും മുൻനിർത്തി അഫ്ഗാൻ ബന്ധം മെച്ചപ്പെടുത്താനാണ് ഇന്ത്യ ശ്രമിച്ചത്.
പാക്കിസ്ഥാനുമായുള്ള അഫ്ഗാന്റെ ബന്ധം തകർന്നതാണ് ഇന്ത്യയുടെ നീക്കത്തിന്റെ പ്രധാന കാരണം. മറ്റൊന്ന് അഫ്ഗാനുമായി ചങ്ങാത്തം കൂടാനുള്ള ചൈനയുടെ ശ്രമമാണ്. റഷ്യ സ്വന്തം യുദ്ധം നയിക്കുന്നതും, ഇറാൻ കൂടുതൽ ദുർബലമായതും, യുഎസ് വൈറ്റ് ഹൗസിലേക്ക് ഡോണൾഡ് ട്രംപ് തിരിച്ചെത്തുന്നതും എല്ലാം ഇന്ത്യ അഫ്ഗാൻ ചർച്ചയ്ക്ക് വഴി തുറന്ന കാരണങ്ങളാണ്.
അമേരിക്കയുടെ പിൻമാറ്റത്തോടെ അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ച ശേഷം ഇവിടുത്തെ രാഷ്ട്രീയ സ്ഥിതി സസൂക്ഷ്മം വീക്ഷിച്ചു വരികയായിരുന്നു ഇന്ത്യ. ഉചിതമായ സമയം എന്ന തോന്നലിൽ എത്തിയപ്പോഴാണ് ഇന്ത്യ താലിബാൻ ഭരണകൂടവുമായി ചർച്ചയ്ക്ക് തയ്യാറായത്. അഫ്ഗാൻ ഭരണകൂടവുമായി ചർച്ചയ്ക്ക് തയ്യാറാകാതെ മാറിനിൽക്കുന്നത് മേഖലയിൽ വർഷങ്ങളായി ഇന്ത്യ നടത്തുന്ന വമ്പൻ നിക്ഷേപങ്ങൾക്ക് വലിയ തിരിച്ചടിയായി മാറുമെന്ന വിലയിരുത്തലും ഇതിനൊരു കാരണമാണ്.
2021 ഓഗസ്റ്റ് മാസത്തിലാണ് അഷറഫ് ഗാനി സർക്കാരിനെ അട്ടിമറിച്ച് താലിബാൻ രാജ്യത്ത് ഭരണം പിടിക്കുന്നത്. അന്നുമുതൽ തന്നെ അവർ ഇന്ത്യയുമായുള്ള സൗഹൃദം മെച്ചപ്പെടുത്താൻ ആഗ്രഹിച്ചിരുന്നു. അതേവർഷം ഓഗസ്റ്റ് 31ന് ആയിരുന്നു ഇന്ത്യ ആദ്യത്തെ നീക്കം നടത്തിയത്. ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ ദോഹയിൽ താലിബാന്റെ പ്രതിനിധികളുമായി ചർച്ച നടത്തി. തുടർന്നും നിരന്തരം ഇന്ത്യ താലിബാനുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും ഇറാന്റെയും ചുമതലയുള്ള ജോയിന്റ് സെക്രട്ടറി ജെപി സിംഗ് 2022 ജൂണിൽ താലിബാന്റെ പ്രതിനിധികളെ കണ്ടു. ഇതിന് പിന്നാലെയാണ് കാബൂളിലെ ഇന്ത്യൻ എംബസിയിലേക്ക് സാങ്കേതിക വിഭാഗം ജീവനക്കാർ എത്തിയത്. ദുബായിൽ വിക്രം മിസ്രിയുടെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനു മുൻപ് നാലുവട്ടമാണ് ജെപി സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം താലിബാന്റെ പ്രതിനിധികളുമായി പലപ്പോഴായി കൂടിക്കാഴ്ച നടത്തിയത്.
എന്നാൽ തങ്ങളുടെ രാജ്യത്തെ സ്ത്രീകളോട് അഫ്ഗാൻ ഭരണകൂടം കാട്ടുന്ന വിവേചനം ലോകമധ്യത്തിൽ ചർച്ചയാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിൽ ആശങ്ക രേഖപ്പെടുത്തി മുന്നോട്ട് വന്നിരുന്നു. ഇറാൻ പോലും ഈ സ്ത്രീവിരുദ്ധ നയങ്ങളോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിച്ച ഒരു ഇറാൻ പ്രതിനിധി, സ്ത്രീവിരുദ്ധ നയങ്ങളെ വിശദമായി വിമർശിച്ചപ്പോഴും താലിബാൻ ഭരണം ഒരു യാഥാർത്ഥ്യമാണെന്നും അതിനാൽ അഫ്ഗാനെ മാറ്റിനിർത്താനാവില്ല എന്നുമാണ് പറഞ്ഞത്.
സമീപകാലത്ത് ഇറാന്റെ പ്രധാന സഖ്യ സായുധ സേനകളായ ഹാമാസിനെയും ഹിസ്ബുള്ളയെയും ഇസ്രായേൽ നിലംപരിശാക്കിയത് ഇറാന്റെ സമ്മർദ്ദ ശേഷിക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. തങ്ങൾക്ക് സംഭവിച്ച ക്ഷീണത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഇറാനെ സംബന്ധിച്ച് അഫ്ഗാനിലെ താലിബാൻ ഭരണം ഒരു വലിയ പ്രശ്നമല്ല. അതിനാൽ തന്നെ ഇവിടെ കാര്യമായ ശ്രദ്ധ പതിപ്പിക്കുന്നുമില്ല.
ദിവസങ്ങൾ കൊണ്ട് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച റഷ്യ യുക്രെയിൻ യുദ്ധമാണ് മറ്റൊരു പ്രശ്നം. മൂന്നുവർഷമായി ഈ യുദ്ധത്തിൽ തളച്ചിടപ്പെട്ട റഷ്യ താലിബാനുമായി ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞവർഷം ജൂലൈ മാസത്തിൽ റഷ്യൻ പ്രസിഡന്റ് താലിബാനെ വിശേഷിപ്പിച്ചത്, ഭീകരതയ്ക്കെതിരെ പോരാടുന്നവർ എന്നാണ്. സിറിയയിൽ ബഷർ അൽ അസദ് ഭരണം അവസാനിച്ചത് റഷ്യക്ക് വലിയ തിരിച്ചടിയാണ്. മധ്യേഷയിലാകെ ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് റഷ്യ വലിയ വെല്ലുവിളി നേരിടുന്നുമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് താലിബാനുമായി സൗഹൃദത്തിന് റഷ്യ ശ്രമിക്കുന്നത്.
ഈയിടത്തിലേക്കാണ് ചൈനയും എത്തുന്നത്. സൗഹൃദം സ്ഥാപിക്കലും വിഭവങ്ങൾ കണ്ടെത്തലും ചൈനയുടെ ലക്ഷ്യമാണ്. 2023 ലാണ് ചൈന തങ്ങളുടെ അംബാസഡറെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. 2024 ന്റെ തുടക്കത്തിൽ ചൈനയിലേക്ക് താലിബാന്റെ പ്രതിനിധിയും അംബാസഡറായി എത്തി. പിന്നാലെ അഫ്ഗാൻ സെൻട്രൽ ബാങ്കിന്റെ വിദേശ സ്വത്തുക്കൾ മരവിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന് സാമ്പത്തിക രാഷ്ട്രീയ പിന്തുണ നൽകുന്ന ചൈന തങ്ങളുടെ ബെൽറ്റ് ആൻഡ് റോഡ് നായതന്ത്രം നീക്കത്തിന്റെ ഭാഗമായി ഇവരെ ചേർത്തുനിർത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. അപ്പോഴേക്കും കാബൂളിൽ നഗര വികസനത്തിന്റെ ഭാഗമായി വീടുകളും പാർക്കുകളും നിർമ്മിക്കുന്നതിനുള്ള വമ്പൻ പദ്ധതിക്ക് ചൈന താലിബാൻ ഭരണകൂടവുമായി ഒപ്പുവച്ചു.
അമേരിക്കയും യൂറോപ്പും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും ശക്തമായ പിന്തുണ നൽകിവരുന്ന അഫ്ഗാനിസ്ഥാനെ താലിബാൻ കയ്യടക്കിയതോടെ മേഖലയിൽ ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് കിട്ടിയ അവസരം മുതലാക്കി ഊഴ്ന്നിറങ്ങുകയാണ് ചൈന ചെയ്തത്. തങ്ങളുടെ സഖ്യ രാഷ്ട്രങ്ങളെ എല്ലാം സഹായത്തിന് വേണ്ടി സമീപിച്ചെങ്കിലും ചൈന മാത്രമാണ് തങ്ങളെ പിന്തുണച്ചതെന്നായിരുന്നു ഒരു അഫ്ഗാൻ മന്ത്രി പ്രതികരിച്ചത്.
അഫ്ഗാനിൽ താലിബാന്റെ ഉയർച്ചയെ കൈയ്യടിച്ച് ആഘോഷിച്ച നല്ല അയൽക്കാരായിരുന്നു പാകിസ്ഥാൻ. താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ കാബൂളിലെ സെറീന ഹോട്ടലിൽ ഇരുന്ന് ചാര സംഘടനയായ ഐഎസ്ഐയുടെ തലവൻ ലെഫ്. ജനറൽ ഫൈസ് ഹമീദ് ചായകുടിച്ച ദൃശ്യങ്ങൾ വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്ത്യക്കും ഇന്ത്യയുടെ താൽപര്യങ്ങൾക്കും വിരുദ്ധമായി അഫ്ഗാൻ ഭരണകൂടം പാക്കിസ്ഥാനിലെ ഐഎസ്ഐക്ക് കൈ കൊടുക്കുമോ എന്നുള്ളത് 2021 മുതലേ ഇന്ത്യയുടെ ഭീതിയായിരുന്നു. എന്നാൽ അത് ഉണ്ടായില്ലെന്നു മാത്രമല്ല, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പരസ്പര സംഘർഷത്തിലേക്ക് നീങ്ങുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ ഡിസംബർ 24ന് അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി 51 പേരെ കൊലപ്പെടുത്തി എന്നാണ് താലിബാൻ ആരോപിച്ചത്. ജനുവരി ആറിന് പുറത്തുവിട്ട വാർത്ത കുറിപ്പിൽ ഇന്ത്യ നിശിത വിമർശനം ഉന്നയിച്ച് രംഗത്ത് വന്നു. ആദ്യം ആക്രമണം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയ ശേഷം കുറ്റം മുഴുവൻ മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കുന്ന പതിവ് രീതിയാണ് പാകിസ്ഥാൻ ചെയ്യുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനിലെ യുഎസ് സൈന്യത്തിന്റെ ജോ ബൈഡൻ സർക്കാരിന്റെ കാലത്തായിരുന്നെങ്കിലും ഡൊണാൾഡ് ട്രംപ് സർക്കാർ ആണ് ഇതിന്റെ ചർച്ചകളിലേക്ക് വഴി തുറന്നത്. താലിബാനുമായി നിരന്തരം യുഎസ് സൈന്യത്തിന്റെ പിന്മാറ്റം ട്രംപ് പ്രസിഡന്റ് ആയിരിക്കെ നടത്തിയിരുന്നു. തുടർഭരണം ലഭിക്കാതെ പരാജയപ്പെട്ടുപോയ ട്രംപിന് പിന്നാലെ അധികാരത്തിലെത്തിയ ബൈഡൻ ഈ തീരുമാനം നടപ്പാക്കുകയായിരുന്നു. അമേരിക്കയിൽ ട്രംപ് വീണ്ടും പ്രസിഡന്റ് ആവുന്നത് താലിബാനുമായി കൂടുതൽ ചർച്ച നടക്കാൻ കാരണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക ഇന്ത്യയുടെ സുരക്ഷയാണ്. അതിന് വെല്ലുവിളിയാകുന്ന നിലയിൽ അഫ്ഗാനിസ്ഥാനിൽ തീവ്രവാദം ശക്തിപ്പെടരുത് എന്നതാണ് ആവശ്യം. എന്നാൽ താലിബാൻ ഭരണത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ സാമൂഹിക ജീവിതത്തിൽ വന്ന മാറ്റങ്ങൾ ഇന്ത്യ ആശങ്കയോടെയാണ് നോക്കി കാണുന്നത്. സ്ത്രീ ജീവിതം കൂടുതൽ ദുസഹമായി മാറിയിരിക്കുകയാണ്. എന്നാൽ തുടർച്ച ചർച്ചകളിൽ ഇന്ത്യ ഉന്നയിച്ച ആശങ്കകൾ അനുഭാവത്തോടെ പരിഹരിക്കാൻ ശ്രമിക്കുമെന്നാണ് താലിബാൻ നൽകിയിരിക്കുന്ന ഉറപ്പ്. ഖോറസൻ പ്രാവിശ്യയിൽ ഇസ്ലാമിക് സ്റ്റേറ്റിനോട് യുദ്ധം ചെയ്യുന്ന താലിബാൻ നയവും ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടയിൽ മൂന്ന് ബില്യൺ ഡോളറിന്റെ വികസന പദ്ധതികൾ അടക്കമാണ് ഇന്ത്യ അഫ്ഗാനിൽ ചെയ്തത്. അത് ഇനിയും തുടരണമെന്നും കൂടുതൽ സഹായം നൽകണമെന്നും താലിബാനും നിലപാട് എടുക്കുമ്പോൾ, അഫ്ഗാൻ ഒരു വെല്ലുവിളി ആകില്ലെന്ന് പ്രതീക്ഷിക്കാം.