ഏലത്തിൽ ഉഗ്രവിഷ കീടനാശിനി; നീക്കംചെയ്യാൻ പെടാപ്പാട്
രാസകീടനാശിനിയുടെ അവശിഷ്ടം നീക്കംചെയ്യാൻ സർക്കാർ പെടാപ്പാട് പെടുമ്പോഴും ഏലക്കയിൽ ‘ഉഗ്രവിഷ’ വിഭാഗത്തിൽപെടുന്ന കീടനാശിനിയുടെ സാന്നിധ്യം. കൃഷിവകുപ്പിന്റെ, കീടനാശിനി അവശിഷ്ട പരിശോധന സംബന്ധിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഏലത്തിൽ കണ്ടെത്തിയിരിക്കുന്നത് ‘സൈപെർമെത്രിൻ’ എന്ന കീടനാശിനിയാണ്. ഇതാകട്ടെ, ഉഗ്രവിഷ വിഭാഗത്തിൽപ്പെടുന്നതാണെന്ന് ആ റിപ്പോർട്ടിൽത്തന്നെ എഴുതിവെച്ചിട്ടുണ്ട്. ഈ കീടനാശിനി ഏലംകൃഷിക്കുവേണ്ടി അധികൃതർ ശുപാർശ ചെയ്തിട്ടില്ലാത്തതുമാണ്.
ശുപാർശ ചെയ്യാത്ത ‘ലാംബ്ഡാ സൈഹാലോത്രിൻ’ എന്ന മറ്റൊരു ഉഗ്രവിഷ കീടനാശിനിയുടെ സാന്നിധ്യം നേരത്തേ ഏലക്കയിൽ വെള്ളായണി കാർഷിക കോളേജ് ലാബിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഏലംകൃഷിക്ക് ശുപാർശചെയ്തിട്ടുള്ള ‘ക്വിനാൽഫോസ എന്ന കീടനാശിനിയുടെ അവശിഷ്ടവും നേരത്തേ ഏലക്കയിലുള്ളതായി തെളിഞ്ഞിരുന്നു. പക്ഷേ, അത് നിർദേശിച്ചിട്ടുള്ള പരിധിയിലും കൂടുതലായിരുന്നു.
ഏലം കയറ്റുമതിയെത്തന്നെ സാരമായി ബാധിക്കാവുന്ന കീടനാശിനി സാന്നിധ്യം നീക്കംചെയ്യാനുള്ള പരീക്ഷണങ്ങൾ വെള്ളായണിയിലെ ലാബിൽ തുടരുകയാണ്. അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ, കർഷകർ അനധികൃതമായി കീടനാശിനികൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും തടയണമെന്നാണ് കൃഷിവകുപ്പ് നിർദേശം നൽകിയിട്ടുള്ളത്. കീടനാശിനികൾ കൃഷി ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ വിതരണംചെയ്യാവൂ. ഇതിന് കർഷകർക്കായി ബോധവത്കരണ ക്ലാസുകൾ നടത്തണമെന്നും കൃഷിവകുപ്പ് നിർദേശം നൽകി.