നെഞ്ചുവേദനയെടുത്ത മധ്യവയ്സകനെ മെഡിക്കൽ കോളേജിലെത്തിച്ച് ജീവൻ രക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ


യാത്രയ്ക്കിടയിൽ നെഞ്ചുവേദന കലശലായ മധ്യവയ്സകനുമായി പാഞ്ഞ് മെഡിക്കൽ കോളേജിലെത്തിച്ച് ജീവൻ രക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിലൂടെ മദ്ധ്യവയസകന് സാധ്യമായത് പുതുജന്‍മം. യാത്രക്കിടെ ചങ്കിനു വേദന കലശലായ താമഠത്തില്‍ രാമൻ കുട്ടിക്കാണ് (58) കെ.എസ്.ആർ.ടിസി ബസ് ആംബുലൻസായത്. യാത്രക്കാരനെ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ച് അത്യാഹിത വിഭാഗത്തിലാക്കിയതിനെ തുടര്‍ന്ന് ഉടന്‍ ചികിത്സ ലഭിച്ചതിനാല്‍ രോഗി രക്ഷപെട്ടു.
: യാത്രയ്ക്കിടയിൽ നെഞ്ചുവേദന
ചൊവ്വാഴ്ച മൂന്നാര്‍-കുയിലിമല ബസില്‍ മുരിക്കാശേരിയില്‍ നിന്ന് കയറിയ രാമന്‍കുട്ടി തടിയമ്പാട് കഴിഞ്ഞപ്പോഴാണ് കലശലായ ചങ്കിനു വേദനയുണ്ടായത്. വേദന കൂടിയതോടെ ഒപ്പമുണ്ടായിരുന്ന മകന്‍ ആദില്‍ ബസ് ജീവനക്കാരെ വിവരമറിയിച്ചു. ഉടന്‍ തന്നെ നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ് പിന്നീട് യാത്രക്കാരെ കയറ്റുകയോ, ഇറക്കുകയോ ചെയ്യാതെ മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്നു. മെഡിക്കല്‍ കോളേജ് റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. പ്രധാന റോഡില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കയറുന്ന വഴിയിലെ വളവുകളിൽ നിരവധി മുന്നോട്ടും പിന്നോട്ടും പോയാണ് ബസ് ആശുപത്രിയിലെത്തിക്കാനായതെന്ന് ഡ്രൈവര്‍ പോള്‍ പാണ്ഡ്യന്‍ പറഞ്ഞു. അവിടെയെത്തി വണ്ടിതിരിക്കാനും ഏറെ ബുദ്ധിമുട്ടി.
: ജീവനക്കാർക്ക് യാത്രക്കാരുടെ അഭിനന്ദനം
മുമ്പ് ഹൃദ്രോഗം വന്നിട്ടുള്ള ആളാണ് രാമൻ കുട്ടി. ചടയമംഗലം കടയ്ക്കല്‍ സ്വദേശി എം അനൂപാണ് കണ്ടക്ടർ. മൂന്നാര്‍ സ്വദേശി പോള്‍ പാണ്ഡ്യനാണ് ഡ്രൈവര്‍. ഒരുവര്‍ഷമായി ഈ വണ്ടിയോടിക്കുന്നത് ഇവരാണ്. നല്ല കളക്ഷനുള്ളതിനാല്‍ ഒരു ദിവസം പോലും മുടങ്ങാതെ ഓടുന്നുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് ചെറുതോണിയിലും പൈനാവിലും ഇറങ്ങാനുള്ള യാത്രക്കാരെ കൊണ്ടുവിട്ടത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ യാത്രക്കാര്‍അഭിനന്ദിച്ചു.