ദാസ് തൊടുപുഴ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു.മികച്ച മാധ്യമ പ്രവർത്തകരായി വിനോദ് കണ്ണോളിയും,സന്ദീപ് രാജാക്കാടും തെരഞ്ഞെടുക്കപ്പെട്ടു
ഇടുക്കിയും തൊടുപുഴയും കേന്ദ്രീകരിച്ച് സിനിമ ചിത്രീകരണത്തിന് തുടക്കമിട്ട ദാസ് തൊടുപുഴയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ദാസ് തൊടുപുഴ മെമ്മോറിയൽ അച്ചടി ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ മികച്ച മാധ്യമ പ്രവർത്തകർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്.മികച്ച അച്ചടി മാധ്യമ ലേഖകനുള്ള പുരസ്‌കാരത്തിന് മംഗളം ദിനപ്പത്രത്തിലെ വിനോദ് കണ്ണോളിയും, മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് റിപ്പോർട്ട് ടിവിയിലെ സന്ദീപ് രാജാക്കാടും അർഹരായി.മലയാള മനോരമയിലെ റെജു അർനോൾഡ് ആണ് മികച്ച അച്ചടി മാധ്യമ ഫോട്ടോ ഗ്രാഫർ. മികച്ച ദൃശ്യ മാധ്യമ ക്യാമറമാനുള്ള അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ അനീഷ് ടോമിനും ലഭിച്ചു.ക്യാഷ് അവാർഡും, മെമെന്റോയും അടങ്ങുന്നതാണ്പുരസ്‌കാരം.തൊടുപുഴ ചിറ്റൂർ ഷെഹൻഷ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ 32- മത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ മാസം 12 ന് തൊടുപുഴ ചിറ്റൂർ ദാസേട്ടൻ നഗറിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.കാട്ടാന ആക്രമണത്തിന്റെ ഭീതിയിൽ കഴിയുന്ന ഇടുക്കിയിലെ മലയോര ജനതയുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള “അധികൃതരുടെ കണ്ണ് തുറക്കാൻ ഇനിയെത്ര ജീവൻ പൊലിയണം?” എന്ന വാർത്തയ്ക്കാണ് വിനോദ് കണ്ണോളിക്ക് അവാർഡ് ലഭിച്ചത്.കള്ളക്കുട്ടികുടി എന്ന ആദിവാസി കോളനിയിലെ ദുരിത ജീവിതവും കോളനിയിൽ നിന്ന് പുറത്തേക്ക് കിടക്കുന്നതിന്റെ ഭീകരാവസ്ഥയും വിവരിക്കുന്ന റിപ്പോർട്ടാണ് സന്ദീപ് രാജാക്കാടിലെ മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടർ ക്കുള്ള അവാർഡിന് അർഹനാക്കിയത്. കെട്ടിടം കട്ടപ്പുറത്ത് എന്ന പരമ്പരയിലെ സർക്കാർ പദ്ധതികളുടെ നടത്തിപ്പിലെ കെടുകാര്യസ്ഥത പ്രേക്ഷകൻ്റെ മുമ്പിൽ അവതരിപ്പിക്കുന്നതിൽഅനീഷ് ടോമിന്റെ ദൃശ്യങ്ങൾ ആ കെടുകാര്യസ്ഥത വരച്ചു കാട്ടുന്നത് ആയിരുന്നു. ഇതാണ് അനീഷ് ടോമിനെ അവാർഡിന് അർഹനാക്കിയത്.ഇടുക്കി ചിന്നക്കനാലിൽ കാട്ടാന തകർത്ത ഷെഡ്ഡിനുള്ളിൽ തണുപ്പിനെ പ്രതിരോധിക്കാനായിവാടകയ്ക്ക് വാങ്ങിയ ടെന്റിനുള്ളിൽ കഴിയുന്ന 69 കാരനായ തോമസിന്റെയും ഭാര്യയുടെയും ദുരിത ജീവിതത്തിന്റെ നേർക്കാഴ്ച ഒപ്പിയെടുത്ത ചിത്രമാണ് മലയാള മനോരമയിലെ റെജു അർനോൾഡിനെ പുരസ്കാരത്തിന് അർഹനാക്കിയത്.