ഇടുക്കിയിൽ അപകടം; കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു


പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതായാണ് ലഭിക്കുന്ന വിവരം. അപകടത്തിൻ്റെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വിനോദയാത്രാ സംഘം മടക്കയാത്രയിലാണ് ബസ് അപകടത്തിൽ പെട്ടത്. വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് പോയെന്നാണ് വിവരം. എന്നാൽ മരങ്ങളിൽ തട്ടി ബസ് നിന്നു. 34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തിൽപെട്ടെന്നാണ് ലഭിക്കുന്ന വിവരം.
പീരുമേടിൽ നിന്നും മുണ്ടക്കയത്ത് നിന്നും ഫയർ ഫോഴ്സ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. ഹൈവേ പൊലീസ് സംഘവും പുറപ്പെട്ടിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി പോയിട്ടുണ്ട്. യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.