ലോകത്തെ വലിയ ജലവൈദ്യുത പദ്ധതിയുമായി ചൈന: ഇന്ത്യക്ക് ആശങ്ക, വെല്ലുവിളിയാകുന്നത് ഇങ്ങനെ
ഇക്കഴിഞ്ഞ ഡിസംബർ 25നാണ് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള തീരുമാനം ചൈന അംഗീകരിച്ചത്. ടിബറ്റിലെ യർലങ് സങ്പോ നദിയിൽ 60000 മേഗാവാട്ട് ഉൽപാദനശേഷിയുള്ള പദ്ധതിയുമായാണ് ചൈന മുന്നോട്ടുപോകുന്നത്. ഡാം നിർമ്മിക്കുന്ന ഈ നദി, ടിബറ്റിൽ നിന്ന് അരുണാചൽപ്രദേശും അസമും പിന്നിട്ട് ബംഗ്ലാദേശ് വഴി ബംഗാൾ ഉൾക്കടലിൽ ചെന്ന് പതിക്കുന്നതാണ്.
അരുണാചലിൽ സിയങ് എന്ന് അറിയപ്പെടുന്ന ഈ നദി അസമിൽ വെച്ച് ബ്രഹ്മപുത്ര നദിയുടെ ഭാഗമാകും. എന്നാൽ ചൈനയുടെ തീരുമാനം പുഴ കടന്നുപോകുന്ന തെക്കൻ പ്രദേശങ്ങളിൽ മറ്റു രാജ്യങ്ങളെ ദോഷകരമായി ബാധിക്കരുതെന്നാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്ക ഉളവാക്കുന്ന ഈ തീരുമാനം അടുത്ത് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ചൈനയ്ക്ക് മുന്നിൽ അവതരിപ്പിക്കും.
എന്നാൽ പദ്ധതിക്കായി കോടികൾ നീക്കിവെച്ച ചൈന പുഴയുടെ പല ഭാഗത്തായി ചെറു ഡാമുകൾ നിർമ്മിക്കാനുള്ള ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. അതിനാൽ തന്നെ പദ്ധതിയിൽ നിന്ന് ചൈന ഇനി പിന്മാറുമോ എന്നുള്ളത് വ്യക്തമല്ല. എന്നാൽ ഇത്രയും വലിയ ഡാം നിർമ്മിക്കുന്നത് ഭൂചലന സാധ്യത ഉയർത്തുന്നു. പത്ത് ലക്ഷത്തിലേറെ പേർ താമസ സ്ഥലം ഒഴിയേണ്ടതായും വരുമെന്നാണ് വിലയിരുത്തൽ.
ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിനെയും ഇത് ബാധിക്കും. ബ്രഹ്മപുത്ര നദിയിലെ ജലത്തിന്റെ ഭൂരിഭാഗവും ടിബറ്റിൽ നിന്നാണ് വരുന്നത്. ഇത് കൃഷി, ജൈവ വൈവിധ്യങ്ങളെ ദോഷകരമായി ബാധിക്കും. ഡാം നിർമിക്കുന്ന ഭാഗം ഉൾപ്പടെ പരിസ്ഥിതി ലോല പ്രദേശം കൂടെയാണ്. 2004ൽ ഉണ്ടായ ഒരു ഉരുൾപൊട്ടലിൽ ഹിമാചൽപ്രദേശിനോട് ചേർന്ന് ടിബറ്റൻ ഹിമാലയത്തിൽ ഗ്ലാസിയൽ പരേചു തടാകം ഉണ്ടായിട്ടുണ്ട്. ഈ താടാകത്തിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇരു രാജ്യങ്ങളും ഒരേ നിലയിൽ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലയിൽ ചൈന ഇതിനോടകം 12 ഓളം അണക്കെട്ടുകൾ നിർമിച്ചു. ഇന്ത്യയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും പരിസ്ഥിതി ദുരന്ത സാധ്യതകളും ഉയർത്തുന്ന പരിസ്ഥിതി ലോല മേഖലയിലെ വലിയ ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുന്ന ചൈനയെ തടയാൻ ഇന്ത്യക്ക് സാധിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.