ലക്ഷാധിപതിയാകാൻ എളുപ്പവഴി; രണ്ട് പുതിയ നിക്ഷേപ പദ്ധതികളുമായി എസ്ബിഐ


രണ്ട് പുതിയ നിക്ഷേപ പദ്ധതികൾ എസ്ബിഐ പുറത്തിറക്കി. ഹർ ഘർ ലാക്‌പതി, എസ്ബിഐ പാട്രൺസ് എന്നീ ഡെപോസിറ്റ് പ്ലാനുകളാണ് ഉപഭോക്താക്കൾക്കായി പുതുതായി അവതരിപ്പിച്ചത്.
നിക്ഷേപകർക്ക് ലക്ഷം രൂപയോ, ലക്ഷത്തിൻ്റെ ഗുണിതങ്ങളോ സമ്പാദ്യമായി നേടാൻ സാധിക്കുന്ന റിക്കറിങ് ഡെപോസിറ്റ് പ്ലാനാണ് ഹർ ഘർ ലാക്‌പതി. പ്രായപൂർത്തിയാകാത്തവർക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും.
80 വയസോ അതിന് മുകളിലോ പ്രായമുള്ളവർക്ക് വേണ്ടിയുള്ളതാണ് എസ്ബിഐ പാട്രൺസ് എന്ന നിക്ഷേപ പദ്ധതി. ബാങ്കിൽ സ്ഥിര നിക്ഷേപമുള്ളവർക്കും പുതുതായി സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പ്ലാനിൻ്റെ ആനുകൂല്യം ലഭിക്കും.
ഇപ്പോഴത്തെ സ്ഥിരനിക്ഷേപ പദ്ധതികളിൽ വയോധികർക്ക് മികച്ച പലിശ നിരക്കാണ് ലഭ്യമാകുന്നത്. ഏഴു മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളിൽ നാല് ശതമാനവും 46 മുതൽ 179 ദിവസം വരെ ആറു ശതമാനവും പലിശ ലഭിക്കും.
180 ദിവസം മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനമാണ് പലിശ. ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7% പലിശ ലഭിക്കും. രണ്ടുവർഷം വരെയാണെങ്കിൽ 7.3% പലിശ ലഭിക്കും. മൂന്നുവർഷം വരെ ഏഴര ശതമാനവും അഞ്ചുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനവും പത്തുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഏഴ് ശതമാനവുമാണ് വായോധികരുടെ എഫ്ഡി പലിശ നിരക്ക്.