എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍; ‘അനൗദ്യോഗിക’ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
ഇടുക്കിയില്‍ നിര്‍ണ്ണായക നീക്കവുമായി പി വി അന്‍വര്‍ എംഎല്‍എ. ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ഇടതുവിമതരെ ഒപ്പം ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ)യ്ക്ക് ഇടുക്കിയില്‍ അനൗദ്യോഗിക ജില്ലാ കമ്മിറ്റി രൂപീകരിച്ചുവെന്നാണ് വിവരം. തൊടുപുഴയിലും കട്ടപ്പനയിലും അൻവർ പങ്കെടുത്ത യോഗങ്ങള്‍ ചേര്‍ന്നു.
സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപി പ്രവേശനം പൂര്‍ണ്ണമായും തള്ളാതെയാണ് നേരത്തെ പ്രതികരിച്ചത്. ഇതിനിടെയാണ് പി വി അന്‍വറുമായുള്ള കൂടിക്കാഴ്ച. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
യുഡിഎഫ് പ്രവേശനം ലക്ഷ്യമിടുന്ന പി വി അന്‍വര്‍ സിപിഐഎം-ബിജെപി നേതാക്കളെ കൂടെകൂട്ടാനുള്ള ചർച്ചകൾ നടത്തുന്ന വിവരം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടിരുന്നു. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അന്‍വറും കോണ്‍ഗ്രസും തമ്മില്‍ ധാരണയായെന്നാണ് സൂചന. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫിലെ മൂന്ന് എംഎല്‍എമാരുമായി പി വി അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. സംഘടന ശക്തിപ്പെടുത്തി യുഡിഎഫുമായി വിലപേശുകയാണ് ലക്ഷ്യം.