രാജ്യം ഫൈവ് ജിയിലേക്ക്; മൊബൈല്‍ റേഞ്ച് പോലും കിട്ടാതെ മരുതുംപേട്ട, ഹെവന്‍വാലി മേഖല
രാജ്യം ഫൈവ് ജിയിലേക്ക് കുതിക്കുമ്പോള്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍പെട്ട മരുതുംപേട്ട, പച്ചക്കാട് മേഖലകളില്‍ മൊബൈല്‍ സിഗ്നല്‍ ഇന്നും അകലെ. ജില്ലയിലെ തന്നെ ഏറ്റവും ഉള്‍ഗ്രാമമായ ഇടമലക്കുടി വരെ സ്മാര്‍ട്ട് ആയിട്ടും ഒരു കമ്പനിയുടെയും സിഗ്നല്‍ ലഭിക്കാത്ത സ്ഥലമായി മാറുകയാണ് ഇവിടം.
ഓണ്‍ലൈന്‍ ക്ലാസുകള്‍, വര്‍ക്ക് ഫ്രം ഹോം മറ്റ് ഇന്റര്‍നെറ്റ് സംബന്ധമായ ജോലികള്‍ എന്നിവ ചെയ്യുന്ന നിരവധി പേരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. നേരത്തെ പ്രദേശത്ത് ജിയോയുടെ നെറ്റ് വര്‍ക്ക് ചിലയിടങ്ങൡ ലഭിച്ചിരുന്നെങ്കിലും അടുത്തിടെയായി ഇതും ലഭിക്കാതെയായി.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമായപ്പോഴും പ്രദേശത്ത് നെറ്റ് വര്‍ക്ക് പ്രശ്‌നം രൂക്ഷമായിരുന്നു. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ അടക്കമുള്ളവരെ പ്രദേശവാസികള്‍ സമീപിച്ചിരുന്നതുമാണ്.
എന്നാല്‍ വര്‍ഷം ഇത്രയും പിന്നിട്ടിട്ടും പ്രദേശത്തോട് മൊബൈല്‍ കമ്പനികള്‍ അവഗണന തുടരുകയാണ്. ബി.എസ്.എന്‍.എല്ലിനു പോലും പ്രദേശത്ത് നെറ്റ് വര്‍ക്ക് ലഭ്യമല്ല.
നൂറുകണക്കിനു കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് 2025ലേക്ക് പ്രവേശിച്ചിട്ടും മൊബൈല്‍ നെറ്റ് വര്‍ക്കിനായി പരതുന്നത്.
അത്യാവശ്യ കാര്യങ്ങള്‍ വിളിച്ചറിയിക്കാന്‍പോലും മാര്‍ഗമില്ലാത്തതാണ് പ്രദേശവാസികള്‍ നേരിടുന്ന വെല്ലുവിളി. അത്യാവശ്യ സമയത്ത് വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിക്കുന്നത്.
രാജ്യം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനത്തിലേക്ക് കുതിക്കുമ്പോഴും അത്യാവശ്യം കോള്‍ ചെയ്യാനുള്ള നെറ്റ് വര്‍ക്ക് എങ്കിലും ലഭിച്ചിരുന്നെങ്കിലെന്ന ആവശ്യത്തിലാണ് സി.പി.എം. ഭരിക്കുന്ന അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മരുതുംപേട്ട, പച്ചക്കാട് നിവാസികള്‍.