നൊമ്പരമായി അമര്‍ ഇലാഹി; ഖബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തില്‍ ഹര്‍ത്താല്‍ തുടങ്ങി
ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ മരിച്ച അമര്‍ ഇലാഹിയുടെ ഖബറടക്കം ഇന്ന് നടക്കും. രാവിലെ 8.30 ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് ഖബറടക്കം നടക്കുക. പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി അമറിന്റെ മൃതദേഹം പുലര്‍ച്ചെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വണ്ണപുറം പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി.ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമര്‍ ഇലാഹി (23) മരിച്ചത്. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.കാടിനോട് ചേര്‍ന്നായിരുന്നു അമര്‍ ഇലാഹിയുടെ വീട്. വീടിനടുത്ത് വെറും 300 മീറ്റര്‍ മാത്രം അകലെയായിരുന്നു അമറിനെ കാട്ടാന ആക്രമിച്ചത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി താത്കാലികമായി ജോലി ചെയ്ത് വരികയായിരുന്നു അമര്‍. കൂടെയുണ്ടായിരുന്ന ആള്‍ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്. തൊടുപുഴ ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാര്‍ വേലി സ്ഥാപിക്കല്‍, ആര്‍ആര്‍ടി സംഘത്തിന്റെ സേവനം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ഉടന്‍ നടപടി വേണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു