കരുതലിന്റെ സന്ദേശവുമായി കട്ടപ്പനയിൽ ക്രിസ് ബെൽസ് ക്രിസ്മസ് സംഗമം


ക്രിസ്മസ് പാപ്പാമാരും കുഞ്ഞു മാലാഖമാരും ക്രിസ്ത്യൻ പാരമ്പര്യ വേഷം ധരിച്ച അമ്മമാരും അണിനിരന്ന് കട്ടപ്പനയിൽ ക്രിസ്മസിന്റെ വർണ്ണക്കാഴ്ചകൾ ഒരുക്കി ക്രിസ്മസ് മഹാറാലി. ക്രിസ്മസിനെ വരവേൽക്കാൻ കട്ടപ്പന ഫൊറോന എസ് എം വൈ എം സംഘടിപ്പിച്ച ക്രിസ്ബെൽസ് ക്രിസ്മസ് സംഗമത്തോടനുബന്ധിച്ചാണ് പ്രതീക്ഷയുടെ സന്ദേശവുമായി മഹാറാലി നടന്നത് .
കട്ടപ്പന ഓസാനം സ്കൂളിൽനിന്ന് ആരംഭിച്ച മഹാറാലി കട്ടപ്പന ടൗൺ ചുറ്റി സെന്റ് ജോർജ് പള്ളിയിൽ സമാപിച്ചു. റാലിയിൽ അവതരിപ്പിച്ച ക്രിസ്മസ് ഫ്ലോട്ടുകൾ കാഴ്ചക്കാർക്ക് ദൃശ്യവിരുന്നേകി. മുച്ചക്രവാഹനങ്ങളിൽ സഞ്ചരിച്ച സഹോദരങ്ങൾ റാലിക്ക് കൂടുതൽ മനോഹാരിതയേകി. തുടർന്ന് സെന്റ് ജോർജ് ഹാളിൽ നടന്ന സമ്മേളനത്തിന് കട്ടപ്പന എസ്.എം.വൈ എം ഫൊറോന ഡയറക്ടർ ഫാദർ നോബി വെള്ളാപ്പള്ളി ഏവർക്കും സ്വാഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി രൂപത മുൻ മെത്രാൻ മാർ മാത്യു അറക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസാരിച്ചു. ഫൊറോന വികാരി ഫാദർ ജോസ് മാത്യു പറപ്പള്ളി അധ്യക്ഷത വഹിച്ചു . സംവിധായകനും റേഡിയോ ജോക്കിയും അവതാരകനുമായ RJ മാത്തുക്കുട്ടി വിശിഷ്ട അതിഥിയായിരുന്നു . വള്ളക്കടവ് സ്നേഹ സദനിലെ യുവജനങ്ങളും കുട്ടികളും സമ്മേളനത്തിന്റെ മുഖ്യ അതിഥികൾ ആയിരുന്നു. കരുതലിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് തങ്ങളുടെതായ പരിമിതികൾ കൊണ്ട് സാധാരണ യുവജനങ്ങൾക്ക് ഒപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത അറുപതോളംള യുവജനങ്ങൾക്കും കുട്ടികൾക്കും ക്രിസ്മസ് സമ്മാനം നൽകി ആദരിച്ചു. തുടർന്ന് വേദിയിൽ അവരുടെ പ്രോഗ്രാമും ഉണ്ടായിരുന്നു. കട്ടപ്പന ഫൊറോന എസ്.എം.വൈ എം പ്രസിഡന്റ് അലൻ എസ് പുലിക്കുന്നേൽ ആശംസകൾ നൽകി സംസാരിച്ചു. കട്ടപ്പന സെന്റ് ജോർജ് ഇടവകയിലെ 50 ഓളം കലാകാരന്മാരും കലാകാരികളും അണിനിരന്ന കലാപരിപാടികളും മ്യൂസിക് ബാൻഡും ക്രിസ്ബെൽസ് ക്രിസ്മസ് സംഗമത്തെ മികവുറ്റതാക്കി.