ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ
സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ. 73 കോടി രൂപയുടെ മരുന്നുകളാണ് സമയബന്ധിതമായി വിതരണം ചെയ്യാത്തതിനെ തുടർന്ന് കാലഹരണപ്പെട്ടത്.
വിവിധ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായുള്ള സിഎജി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സമയബന്ധിതമായി മരുന്ന് വിതരണം നടത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ ഇത് കൃത്യമായി നടപ്പിലാവുന്നില്ലെന്നാണ് പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
14 ജില്ലകളിലുമായി 73 കോടി രൂപയുടെ മരുന്നാണ് കാലഹരണപ്പെട്ടതിനെ തുടർന്ന് കൂട്ടിയിട്ടിരിക്കുന്നത്. ഇത് എവിടെ ആണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നില്ല. നവംബർ 20 വരെയുള്ള കണക്കുകൾ ആണിത്. സാധാരണ മരുന്നുകൾ കാലഹരണപ്പെട്ടാൽ കരാർ നൽകി നശിപ്പിച്ച് കളയുകയാണ് പതിവ്. ഇതിന്റെ പൂർണചുമതല മെഡിക്കൽ സർവീസ് കോർപറേഷനാണ്. മരുന്ന് ക്ഷാമം മൂലം വിവിധ ആശുപത്രികളിൽ സേവനങ്ങൾ തടസ്സപ്പെടുന്നതിനിടെയാണ് ആരോഗ്യവകുപ്പിൻറെ അലംഭാവം.