നിരന്തരമായ വിവാദങ്ങൾ സൃഷ്ടിച്ച് പരീക്ഷകൾ പ്രഹസനമാക്കരുത്: എൻ.ടി.യു
സംസ്ഥാന വ്യാപകമായി നടക്കുന്ന അർദ്ധവാർഷിക പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടത്തിപ്പ് വിദ്യാർത്ഥികളെയും അധ്യാപകരെയും പൊതു സമൂഹത്തെയും ഒരു പോലെ ആശങ്കയിലാക്കുന്നതാണ്.സമയബന്ധിതമായി പാഠഭാഗങ്ങൾ തീർത്തു പരീക്ഷക്ക് തയ്യാറാക്കിയ വിദ്യാർത്ഥികളുടെ കൈവശം തങ്ങൾ കാണുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പറുകൾ ലഭിച്ചത് അധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഓൺലൈൻ പോർട്ടലുകളിൽ നിന്ന് അതേപടി പകർത്തിയെടുത്താണ് പല വിഷയങ്ങളുടെയും ചോദ്യപേപ്പറുകൾ തയ്യാറാക്കിയിരിക്കുന്നത് പ്ലസ് വൺ ക്ലാസ്സുകളിലെ ഭൂരിഭാഗം ചോദ്യപേപ്പറുകളിലും തെറ്റുകൾ നിറഞ്ഞിരിക്കുന്നു. പ്ലസ് ടു ഫിസിക്സ്, പത്താം തരത്തിലെ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ പല ചോദ്യങ്ങളും പകർത്തിയെഴുതിയതാണ്.ഇതിനു പുറമേ ചോദ്യപേപ്പറുകളിൽ വന്ന ഭൂരിഭാഗം ചോദ്യങ്ങളും പല ട്യൂഷൻ സെൻററുകളുടെയും ഓൺലൈൻ ചാനലുകളിൽ പരീക്ഷാത്തലേന്ന് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.ഉറപ്പായും ചോദിക്കുന്ന ചോദ്യങ്ങൾ എന്ന പേരിൽ ചോദ്യത്തിന്റെ ക്രമം പോലും തെറ്റാതെ ചർച്ച ചെയ്യുന്ന വീഡിയോ നിരവധി കുട്ടികൾ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.ഫോണിലൂടെയും സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോദിച്ചതാണ് സംശയത്തിനിടയാക്കിയത്.ചോദ്യപേപ്പർ കണ്ടപ്പോഴാണ് ഇതിനു പിന്നിലെ കള്ളക്കളികളെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് ബോധ്യമായത്.
കഴിഞ്ഞവർഷത്തെ ക്രിസ്തുമസ് പരീക്ഷയ്ക്കും ഇക്കഴിഞ്ഞ ഒന്നാം പാദവാർഷിക പരീക്ഷക്കും ഇത്തരത്തിലുള്ള ചോദ്യപേപ്പർ വിവാദങ്ങൾ ഉയർന്നിരുന്നു.
പൊതു വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികൾക്കു പിന്നിൽ ഉന്നതങ്ങളിൽ സ്വാധീനമുള്ള ചോദ്യപേപ്പർ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരും റ്റ്യൂഷൻ ലോബികളുമാണ്. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നുവെങ്കിലും ഭരണക്കാരുടെ പിന്നണിയാളുകളായതിനാൽ നടപടിക്രമങ്ങൾ കടലാസിലൊതുങ്ങി.. റ്റ്യൂഷൻ സെൻ്റ്റെറ്റുകളെയും സ്വകാര്യസ്കൂളുകളെയും സഹായിക്കുന്ന ഒരു സമാന്തര മാഫിയാസംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
അക്കാദമിക രംഗത്തുണ്ടാക്കുന്ന നിരന്തര വിവാദങ്ങളും ചോദ്യപേപ്പർ അട്ടിമറികളും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിൻറ്റ കെടുകാര്യസ്ഥതയെയാണ് തുറന്നു കാട്ടുന്നത്.
ഇടതു സർക്കാരിൻ്റ മൂടുതാങ്ങികളായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി സുതാര്യവും നീതിയുക്തവുമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ചോദ്യപേപ്പറിനൊപ്പം നല്കിയ വികലമായ ഭാരതമാപ്പ് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പ്രത്യേക പ്രദേശങ്ങളുടെ സവിശേഷതകൾ പഠിപ്പിക്കാനെന്ന പേരിൽ ഭൂപടത്തിൻ്റ അതിർ വരമ്പുകളൊഴിവാക്കി നല്കുന്ന പതിവു രീതികൾക്കെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് പല സംഘടനകളും. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നേരിടേണ്ടി വരുമെന്നും കേരള സർക്കാരിൻറ്റ കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി വിദ്യാഭ്യാസ വകുപ്പ് മാറിയെന്നും സംസ്ഥാന സെക്കണ്ടറി – ഹയർ സെക്കണ്ടറി വിഭാഗം കൺവീനർ ഹരി ആർ വിശ്വനാഥ് , ജില്ലാ പ്രസിഡൻ്റ് വി സി രാജേന്ദ്രകുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.