കാനനപാത വഴി വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണം


കാനനപാത വഴി ശബരിമലയ്ക്ക് വരുന്ന തീര്‍ഥാടകര്‍ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. സത്രം പുല്ലുമേട് വഴി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും മുക്കുഴി വഴി രാവിലെ 7 മുതല്‍ 3 വരെയും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. തിരിച്ച് ശബരിമലയില്‍ പുല്ലുമേട് വഴി രാവിലെ 8 മുതല്‍ 11 വരെയേ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
കാനനപാത വഴി ശബരിമലയിലേക്ക് വരുന്ന തീര്‍ഥാടകര്‍ നിശ്ചിതവഴികളിലൂടെ മാത്രം യാത്ര ചെയ്യാന്‍ പാടുള്ളു. നടത്തം ലാഭിക്കുന്നതിനായി വനത്തിലൂടെ കുറുക്കുവഴികള്‍ കയറാതിരിക്കുക. തീര്‍ഥാടകര്‍ പ്ലാസ്റ്റിക് കൊണ്ടുവരാനോ വസ്ത്രങ്ങള്‍ വനങ്ങളില്‍ വലിച്ചെറിയാനോ പാടില്ല. മലമൂത്ര വിസര്‍ജനത്തിനായി ബയോടോയ്‌ലറ്റുകള്‍ ഉപയോഗിക്കണം. ഭക്ഷണ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കുരങ്ങുകള്‍ ഉള്‍പ്പെടെ ഒരുവിധ വന്യജീവികളെയും സമീപിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്യാതിരിക്കുക.