മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലെ അക്ഷരതെറ്റ്; മെഡൽ നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അന്വേഷണ റിപ്പോർട്ട്
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ അക്ഷരതെറ്റുണ്ടായ സംഭവത്തിൽ മെഡൽ നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അന്വേഷണ റിപ്പോർട്ട്. ഭഗവതി സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് മെഡൽ നിർമ്മിച്ചത്. അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. മെഡലുകൾ പരിശോധിക്കേണ്ട സമിതിക്കും വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. 270 മെഡലുകളിൽ 246 എണ്ണത്തിലും പിഴവുണ്ടായിരുന്നു.
കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളാണ് ആഭ്യന്തരവകുപ്പിന് നാണക്കേടായാത്. അഭിമാനപൂര്‍വം മെഡല്‍ സ്വീകരിച്ച പൊലീസുകാര്‍ പിന്നീട് നോക്കിയപ്പോഴാണ് അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്‍പെട്ടത്.
മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പോലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തിയിരുന്നു.
മെഡല്‍ ജേതാക്കളായ പൊലീസുകാര്‍ വിവരം മേലധികാരികളോട് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പിന്നാലെ ഡി.ജി.പി. വിഷയത്തില്‍ ഇടപെട്ടു. എത്രയും പെട്ടെന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിര്‍ദേശിക്കുകയായിരുന്നു.