ഓര്‍മയിലിന്നും മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി നില്‍ക്കുന്ന പെണ്‍കുട്ടി; മോനിഷ വിടപറഞ്ഞിട്ട് 32 വര്‍ഷം
മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ചേര്‍ത്തലയിലുണ്ടായ വാഹനാപകടം കവര്‍ന്നത് മലയാളികള്‍ ഹൃദയത്തിലേറ്റിയ ഒരു താരത്തെയാണ്. അഭിനയശൈലിയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടി മോനിഷ. ഇരുപത്തൊന്നാം വയസ്സില്‍ വിടവാങ്ങിയെങ്കിലും മോനിഷയുടെ ശക്തമായ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കുന്നു.
ഒരു നിറചിരിയോടെ മലയാളിയുടെ മനസില്‍ ഇടം നേടിയ നടിയാണ് മോനിഷ. ചുരുങ്ങിയ കാലം കൊണ്ട് ശക്തമായ കഥാപാത്രങ്ങള്‍ ഭാഗ്യം ചെയ്ത നടിയെന്ന് പേരുകേട്ട നടി. നഖക്ഷതങ്ങളിലെ ഗൗരിയും ഋതുഭേദത്തിലെ തങ്കമണിയും കടവിലെ ദേവിയും കമലദളത്തിലെ മാളവികയും കുടുംബസമേതത്തിലെ തുളസിയും വേനല്‍ക്കിനാവുകളിലെ നളിനിയുമൊക്കെ ഇന്നും അനശ്വരമായി നിലനില്‍ക്കുകയാണ്.
പതിനഞ്ചാം വയസ്സില്‍ എംടി വാസുദേവന്‍ നായര്‍-ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങളിലൂടെയാണ് സിനിമാ രേഗത്തേക്ക് മോനിഷയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ 1987ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയ്ക്ക് നേടാനായി. നാരായണന്‍ ഉണ്ണിയുടേയും ശ്രീദേവി ഉണ്ണിയുടെയും മകളായ മോനിഷയെ സിനിമയിലെത്തിച്ചത് കുടുംബസുഹൃത്തും എഴുത്തുകാരനുമായ എം ടി വാസുദേവന്‍ നായര്‍ തന്നെയായിരുന്നു.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 1992-ലായിരുന്നു ആ അപ്രതീക്ഷിത വിടവാങ്ങല്‍. ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആലപ്പുഴ ചേര്‍ത്തലയില്‍ വെച്ചുനടന്ന വാഹനാപകടം മോനിഷയുടെ ജീവന്‍ കവര്‍ന്നു. ഒരു മനോഹര ഈണം പോലെ മോനിഷ ഇന്നും ജീവിക്കുന്നു. അവര്‍ അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങളിലൂടെ.