ശബരിമലയിൽ ഇതാദ്യമായിനാണയപ്പറ വഴിപാട്
- സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലായി ഇതുവരെ പറനിറയ്ക്കൽ വഴിപാട് നടത്തിയത് 7680 പേർ
ശബരിമല: ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉദ്ദിഷ്ടകാര്യസിദ്ധിക്കും സന്നിധാനത്തും മാളികപ്പുറത്തും നെല്ല്, മഞ്ഞൾ, നാണയം പറനിറയ്ക്കൽ വഴിപാടായി നടത്തുന്നുണ്ട്. സന്നിധാനത്ത് നാണയപ്പറയും നെൽപ്പറയുമാണ് നിറയ്ക്കുക. നാണയം ഇതാദ്യമായാണ് വഴിപാടായി നിറയ്ക്കുന്നത്. ധനവർധനയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഭക്തർ നാണയപ്പറ വഴിപാട് നേരുന്നത്. നെൽപ്പറ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നേരുന്നു. മാളികപ്പുറത്ത് മഞ്ഞൾപ്പറയും നെൽപ്പറയും പണപ്പറയും നിറയ്ക്കാം. മഞ്ഞൾപ്പറ ഉദ്ദീഷ്ടകാര്യസിദ്ധിക്കായാണ് നേരുന്നത്.
സന്നിധാനത്ത് ഇതുവരെ 6949 നെൽപ്പറ വഴിപാടും 124 നാണയപ്പറ വഴിപാടും നടന്നു. ശരാശരി മൂന്നിറിലധികം പേർ ദിവസം പറനിറയ്ക്കൽ വഴിപാട് നടത്തുന്നുണ്ട്. മാളികപ്പുറത്ത് ഇതുവരെ 236 മഞ്ഞൾപ്പറ വഴിപാടും 369 നെൽപ്പറ വഴിപാടും രണ്ടു പണപ്പറ വഴിപാടുമാണ് നടന്നത്. നെൽപ്പറയ്ക്ക് 200 രൂപയും നാണയപ്പറയ്ക്ക് 1000 രൂപയും മഞ്ഞൾപ്പറയ്ക്ക് 400 രൂപയുമാണ് നിരക്ക്. രാവിലെ 3.30 മുതൽ ഉച്ചയ്ക്ക് 11.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 9.15 വരെയുമാണ് സന്നിധാനത്തെ പറനിറയ്ക്കൽ വഴിപാട് സമയം. മാളികപ്പുറത്ത് രാവിലെ മൂന്നു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് പറനിറയ്ക്കാനാകുക.