സൗദിയുമായി പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരിക്കാന്‍ അമേരിക്ക; ഇസ്രയേലിനോടുള്ള മനോഭാവത്തില്‍ മാറ്റം വേണമെന്ന് ഡിമാന്റ്
സൗദി അറേബ്യയുമായി പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരിക്കാന്‍ അമേരിക്ക. ഇസ്രയേലിനെതിരായ സൗദിയുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നാണ് അമേരിക്കയുടെ ഡിമാന്റ്. ഇസ്രയേലുമായുള്ള ബന്ധം സാധാരണപോലെയാക്കണമെന്നാണ് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്ന ഉപാധി. എന്നാല്‍ ഇസ്രയേലുമായുള്ള ബന്ധം പുനരാലോചിക്കാന്‍ സാധിക്കില്ലെന്ന നിലപാടില്‍ സൗദി അറേബ്യ ഉറച്ചുനില്‍ക്കുകയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെതിരെ സൗദിയില്‍ ശക്തമായ ജനവികാരം നിലനില്‍ക്കുന്നതിനാല്‍ സൗദിയിലെ സല്‍മാന്‍ രാജകുമാരന്‍ ഈ വിഷയത്തില്‍ കരുതലോടെയാണ് ആലോചനകള്‍ നടത്തുന്നത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കണമെങ്കില്‍ പലസ്തീന്‍ സ്റ്റേറ്റ് അംഗീകരിക്കണമെന്ന നിബന്ധന സൗദി മുന്നോട്ടുവയ്ക്കാനാണ് സാധ്യത.
പൂര്‍ണ്ണമായ യുഎസ്-സൗദി ഉടമ്പടി യുഎസ് സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കേണ്ടതുണ്ട്. റിയാദ് ഇസ്രായേലിനെ അംഗീകരിക്കുന്നില്ലെങ്കില്‍ ഇത് സാധ്യമാകില്ല. ആണവ രംഗത്തെ സഹായങ്ങള്‍ ഉള്‍പ്പെടെയാണ് അമേരിക്കയില്‍ നിന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പൊതുശത്രുവായ സ്ഥിതിക്ക് അമേരിക്കയുമായുള്ള സഹകരണം പ്രയോജനപ്പെടുമെന്നാണ് സൗദി കരുതുന്നത്.