ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: ചെന്നൈയില്‍ മഴ കനക്കുന്നു; വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ വൈകുന്നേരത്തോടെയാകും തീരം തൊടുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ചെന്നൈ ഉള്‍പ്പെടെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 11 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 60 മുതല്‍ 90 കിലോമീറ്റര്‍ വരെയാകും കാറ്റിന്റെ വേഗത.
നിലവില്‍ ചെന്നൈയില്‍ നിന്ന് 120 കിലോമീറ്റര്‍ തെക്ക് കിഴക്കായാണ് ചുഴലിക്കാറ്റ് ഉള്ളത്. തീരദേശമേഖലയില്‍ അതീവ ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു. ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴ കനക്കുകയാണ്. സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരുന്നു.
അനാവശ്യമായി വീടിന് പുറത്തിറങ്ങരുത്. ബീച്ചുകളും പാര്‍ക്കുകളും അടച്ചു. വെള്ളം കയറാന്‍ സാധ്യതയുള്ള വഴികള്‍ അടച്ചു. OMR – ECR റോഡ് ഉച്ചയോടെ അടയ്ക്കും. ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും താല്‍ക്കാലികമായി റദ്ദാക്കി. വിമാനങ്ങള്‍ ഇറക്കാനും ഉയര്‍ത്താനും കഴിയുന്നില്ല.12 വിമാനങ്ങള്‍ റദ്ധാക്കി. വിമാനങ്ങള്‍ വൈകി പുറപ്പെടുന്നു, നിലത്തിറങ്ങുന്നു. മെട്രോ സര്‍വീസുകള്‍ സാധാരണ നിലയിലാണ്. മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയിട്ടുണ്ട്. 22000 സന്നദ്ധ പ്രവര്‍ത്തകര്‍ സജ്ജമായി. ചെന്നൈയില്‍ സര്‍ക്കാര്‍ അടുക്കള തുറന്നു. ക്യാമ്പുകള്‍ സജ്ജീകരിച്ചു ഇത്, ആവശ്യാനുസരണം തുറക്കും. പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പും പൊലീസും രംഗത്തുണ്ട്. NDRF, SDRF സംഘങ്ങളും സജ്ജമാണ്.