വാക്സീന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; ഇന്ന് 5 ലക്ഷം ഡോസ് എത്തിക്കും.

രണ്ട് ദിവസമായി തുടരുന്ന വാക്സീൻ ക്ഷാമത്തിന് താല്ക്കാലിക പരിഹാരമാകുന്നു. ഇന്ന് എറണാകുളത്ത് അഞ്ച് ലക്ഷം ഡോസ് കോവീഷീൽഡ് വാക്സീനെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. രണ്ട് ദിവസമായി കുത്തിവയ്പ് പൂർണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് ലഭിക്കും. മറ്റ് ജില്ലകൾക്കും ആനുപാതികമായി വാക്സീൻ
നൽകും. കോവീഷീൽഡിന് പുറമെ കൊവാക്സിനും തീർന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പുണ്ടാകില്ല. ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സീൻ നൽകണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലഭിച്ചാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. വാക്സീൻ എടുക്കാന്‍ വരുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന കണ്ണൂരിലെയും കാസർകോട്ടെയും ജില്ലാ ഭരണകൂടങ്ങളുടെ വിവാദ നിബന്ധന ഒഴിവാക്കാനും നിർദേശം നല്കിയിട്ടുണ്ട്. അതേസമയം കോവിഡ് പ്രതിദിന രോഗബാധ ഇരുപതിനായിരം കടന്നു. രാജ്യത്തെ ആകെ രോഗികളിൽ പകുതിയും സംസ്ഥാനത്ത്. മലപ്പുറം കോഴിക്കോട് തൃശൂർ എറണാകുളം ജില്ല കളിൽ രോഗ സ്ഥിരീകരണ നിരക്ക് കുതിച്ചുയരുകയാണ്.
ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെടും- മുഖ്യമന്ത്രി
ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും. നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വേഗത്തില്‍ വാക്സിന്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും.
വാക്സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.