ചക്കുപള്ളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയതായി പരാതി


കട്ടപ്പന: സമൂഹ മാധ്യമത്തിലൂടെ മെഡിക്കല്‍ ഓഫീസര്‍ക്കെതിരെ വ്യാജ പ്രചരണം നടത്തിയതായി പരാതി. ചക്കുപള്ളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.ആര്‍.അനുഷക്ക് എതിരെയാണ് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫീസറും ഗ്രാമപഞ്ചായത്ത് അധികൃതരും വ്യക്തമാക്കി. ഇന്നലെ രാവിലെ പിതാവിനൊപ്പം മരുന്ന് വാങ്ങാന്‍ എത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയതായും മരുന്ന് നല്‍കാതിരിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് ചക്കുപള്ളം സ്വദേശി ധനേഷ് എന്ന യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
എന്നാല്‍ ഞായറാഴ്ച ആയതിനാല്‍ ഒ.പി അവധിയായിരുന്നു. വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് ഇവര്‍ എത്തിയതെന്നും ഫാര്‍മസി ഇല്ലാത്തതിനാല്‍ മരുന്നിന് കുറിച്ച് കൊടുക്കുകയും അടുത്ത ദിവസം ആശുപത്രിയില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പതിനഞ്ചാം വാര്‍ഡിലെ ആശാ പ്രവര്‍ത്തകയുടെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും തീരുമാന പ്രകാരം ആശാ പ്രവര്‍ത്തകരെ വിവിധ വാര്‍ഡുകളില്‍ പുനര്‍ വിന്യസിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡോക്ടര്‍ക്കും പഞ്ചായത്തിനും എതിരെ ഇവര്‍ നീക്കം നടത്തി വന്നിരുന്നതായും ഇതിന്റെ തുടര്‍ച്ചയാണ് ഫേസ്ബൂക്കിലൂടെയുള്ള അധിക്ഷേപമെന്നും ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.റ്റി മാത്യു, ഗ്രാമപഞ്ചായത്ത് അംഗം വല്‍സമ്മ ജയപ്രകാശ് എന്നിവര്‍ പറഞ്ഞു.വേറെ വാര്‍ഡിലേക്ക് നിയമിച്ച ശേഷം ആശാവര്‍ക്കര്‍ പലതവണ അപമര്യാദയായി പെരുമാറിയതായും ഇതിന്റെ തുടര്‍ച്ചയായാണ് ഗര്‍ഭിണിയായ തനിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം നടത്തി വരുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.അനുഷ പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മേധാവികള്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.