കട്ടപ്പന നഗരസഭ കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് തിരുത്തി;വകുപ്പുതല അന്വേഷണം നടത്താന്‍ തീരുമാനം

കട്ടപ്പന: നഗരസഭയുടെ സ്ഥാപനങ്ങള്‍ ലേലം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ യു.ഡി.എഫ് ഭരണസമിതിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. എതിര്‍കക്ഷിക്ക് അനുകൂലമായി മുന്‍ ഭരണസമിതി മിനിറ്റ്സ് തിരുത്തിയതായി എല്‍.ഡി.എഫ്. അംഗങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. 2 മാംസ സ്റ്റാളുകള്‍, 3 മത്സ്യ സ്റ്റാളുകള്‍, പഴയ സ്റ്റാന്‍ഡിലെയും പുതിയ സ്റ്റാന്‍ഡിലെയും കംഫര്‍ട്ട് സ്റ്റേഷനുകള്‍, പുളിയന്‍മലയിലെ സ്ലോട്ടര്‍ ഹൗസ്, പഴയ നഗരസഭ ഓഫീസിനു മുമ്പിലെ പാര്‍ക്കിംഗ് മൈതാനി എന്നിവ 2020-21 വര്‍ഷം ലേലം ചെയ്ത വകയില്‍ 70 ലക്ഷത്തോളം രൂപയാണ് നഗരസഭയ്ക്ക് കിട്ടാനുള്ളത്.ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് നാല് മാസത്തെ വാടക ഇളവ് ചെയ്ത് നല്‍കണമെന്ന് കരാറുകാര്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇളവ് സംബന്ധിച്ച് പരിശോധിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അതേസമയം കരാറുകാര്‍ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ കേസിലാണ് ഇവര്‍ക്ക് അനുകൂലമായി മിനിട്ട്‌സ് തിരുത്തിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്. ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കാന്‍ തീരുമാനിച്ച യോഗത്തിലെ മിനിട്ട്‌സ് തിരുത്തി നാല് മാസത്തെ ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി രേഖപ്പെടുത്തുകയായിരുന്നു. അതേസമയം നഗരസഭയ്ക്കായി കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകനെ മാറ്റി നിയമിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. ലേലവുമായി ബന്ധപ്പെട്ട ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരസഭയ്ക്കായി ഹാജരാകുന്ന അഭിഭാഷകന് ഫീസ് ഇനത്തില്‍ നാല് ലക്ഷത്തോളം രൂപ നല്‍കിയിട്ടുണ്ട്. എന്നാല്‍ നഗരസഭയ്ക്ക് അനുകൂലമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് നഗരസഭാദ്ധ്യക്ഷ തന്നെ കൗണ്‍സില്‍ യോഗത്തില്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ മിനിറ്റ്സ് തിരുത്തിയതായി മുന്‍ ചെയര്‍മാനാണ് കൗണ്‍സില്‍ യോഗത്തില്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. എന്നാല്‍ കേസ് എതിര്‍കക്ഷിക്ക് അനുകൂലമാക്കാന്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാരും ജീവനക്കാരും ശ്രമിക്കുകയാണ്. കെടുകാര്യസ്ഥതയ്ക്ക് പുരസ്‌കാരമുണ്ടെങ്കില്‍ അത് ലഭിക്കേണ്ടത് കട്ടപ്പന നഗരസഭ ഭരണസമിതിക്കാണെന്നും എല്‍.ഡി.എഫ് അംഗങ്ങളായ ഷാജി കൂത്തോടി, ബെന്നി കുര്യന്‍, സിജോമോന്‍ ജോസ്, സുധര്‍മ മോഹനന്‍, ധന്യ അനില്‍, ബിന്ദുലത രാജു എന്നിവര്‍ ആരോപിച്ചു.